ആറര വർഷം: വന്യജീവികൾ കവർന്നത് 879 മനുഷ്യ ജീവൻ

Monday 04 December 2023 12:00 AM IST

കോട്ടയം: കഴിഞ്ഞ ആറര വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തിൽ പൊലിഞ്ഞത് 879 മനുഷ്യ ജീവൻ. 4802 പേർക്ക് പരിക്കേറ്റു. പ്രതിവർഷം 97 കോടിയുടെ കൃഷിയും നശിപ്പിക്കുന്നു. മരിച്ചവരിലേറെയും വനാതിർത്തികളിൽ താമസിക്കുന്നവർ. 2017 ജനുവരി ഒന്നുമുതൽ കഴിഞ്ഞ സെപ്തബർ 30വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ മരിച്ചവർക്ക് 16.74 കോടിയും, പരിക്കേറ്റവർക്ക് 43.11 കോടിയും നഷ്ടപരിഹാരം നൽകിയെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

ആനയും കരടിയും കടുവയും പുലിയും കാട്ടുപന്നിയും കാട്ടുപോത്തും തുടങ്ങി വിഷപ്പാമ്പുകൾ വരെയാണ് മനുഷ്യ ജീവനെടുത്തവയിൽ മുന്നിൽ. പന്നിയും കുരങ്ങും കുറുനരിയും തേനീച്ചയും ആക്രമിച്ച പട്ടികയിലുണ്ട്. ആനകൾ 115 പേരെയും കാട്ടുപോത്ത് 10 പേരെയും കൊന്നു.
നഷ്ടപരിഹാരം തേടിയുള്ള അപേക്ഷകളിൽ ഏറെയും പാമ്പ്, ആന,​ തേനീച്ച,​ കാട്ടുപോത്ത്,​ പന്നി,​ പുലി,​ കടുവ എന്നിവയുടെ ആക്രമണവുമായി ബന്ധപ്പെട്ടാണ്. പ്രളയശേഷമാണ് കാട്ടുപന്നികൾ നാട്ടിൽ പെറ്റുപെരുകിയത്.

നാടിറങ്ങാൻ കാരണം

വനാതിർത്തികളിൽ ഭക്ഷണവും വെള്ളവും ഇഷ്ടംപോലെ

ശാരീരികാവശതകളിൽ കാട്ടിലെ വേട്ടയാടൽ ബുദ്ധിമുട്ട്

നാട്ടിൽ ശാരീരികാദ്ധ്വാനമില്ലാതെ വളർത്തുമൃഗങ്ങളെ ഇരയാക്കാം

മരിച്ചവർ

 2017: 128

 2018: 133

 2019: 122

 2020: 111

 2021: 132

 2022: 137

 2023: 116