അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച നാട്: മുഖ്യമന്ത്രി

Monday 04 December 2023 12:51 AM IST

നെന്മാറ: അസാധ്യമായതൊന്നുമില്ല എന്ന് ലോകത്തിന് കാണിച്ചുകൊടുത്ത നാടാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെന്മാറ മണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്തുണയും ഐക്യവുമുള്ള നാട്ടിൽ അസാധ്യമായി ഒന്നുമില്ല. കോവിഡും പ്രളയവും കാലവർഷക്കെടുതികളും ഓഖിയും നിപയും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ജനങ്ങളുടെ ഒരുമ കൊണ്ട് നേരിട്ട നാടാണിത്.

വലിയ സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ടപ്പോൾ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഗഡുക്കളായി വായ്പ നൽകുന്ന സാലറി ചലഞ്ചിന് സർക്കാർ ആഹ്വാനം ചെയ്തു. ജീവനക്കാരുടെ ശമ്പളം പോലും നൽകാൻ കഴിയാത്ത സാഹചര്യം വരുമെന്ന് കണ്ട് കൈക്കൊണ്ട നടപടിയാണത്. ഭൂരിഭാഗം ജീവനക്കാരും ഒപ്പം നിന്നപ്പോൾ ഒരു വിഭാഗം മാറി നിന്നു. പ്രതിപക്ഷം ആ ഘട്ടത്തിലും ബഹിഷ്കരണം ആഹ്വാനം ചെയ്തെങ്കിലും ചലഞ്ച് വിജയിച്ചു.

നാടിന്റെ പ്രശ്നങ്ങളിൽ ഒന്നിച്ചുനിന്ന് പോരാടുകയാണ് വേണ്ടത്. കേന്ദ്രം തകർക്കാൻ ശ്രമിച്ചാലും മുന്നോട്ടു തന്നെ കുതിക്കുകയാണ് നമ്മുടെ നാട്. സർക്കാർ നിലപാടുകൾ ജനം സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണ് നവകേരള സദസിലെ വൻ ജനപങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.രാജീവ്, ജി.ആർ.അനിൽ എന്നിവർ സംസാരിച്ചു.

നെന്മാറയിൽ 6536 നിവേദനങ്ങൾ
നവകേരള സദസിൽ 6536 നിവേദനങ്ങൾ സ്വീകരിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ 20 കൗണ്ടറുകൾ പ്രവർത്തിച്ചു. അപേക്ഷകളും പരാതികളും എഴുതി നൽകാൻ പ്രത്യേക സഹായകേന്ദ്രം പ്രവർത്തിച്ചു. പ്രായമായവരെ കൗണ്ടറുകളിൽ ക്യൂ നിറുത്താതെ വേദിയിലിരുത്തി അപേക്ഷ സ്വീകരിച്ചു. ഇതിന് പ്രത്യേക വളണ്ടിയർ സേവനമുണ്ടായിരുന്നു.


സ്വീകരിക്കാൻ കതിർക്കുലയും പുസ്തകവും
നവകേരള സദസിനെത്തിയ മന്ത്രിമാർക്ക് നെല്ലറയുടെ പ്രതീകമായ കതിർക്കുലയും പുസ്തകവും സമ്മാനിച്ചു. ഭരതനാട്യ വേഷത്തിൽ മന്ത്രിമാരെ സ്വീകരിച്ചതും പ്രത്യേകതയായി.

Advertisement
Advertisement