വീടിന് മുന്നിൽ നിന്ന ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം

Sunday 03 December 2023 11:52 PM IST
കാവനാട് ജംഗ്ഷന് സമീപം മീനത്ത്‌ചേരിയിൽ എരുവിച്ചെഴികത്ത് വീട്ടിൽ ഗണേശരന്റെ വീടിന് മുന്നിൽ നിന്ന് മുറിച്ചുകടത്താൻ ശ്രമിച്ച ചന്ദനമരം

കൊല്ലം: ദേശീയപാതയോരത്ത് വീടിന് മുന്നിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം. കാവനാട് ജംഗ്ഷന് സമീപം മീനത്ത്‌ചേരിയിൽ എരുവിച്ചെഴികത്ത് വീട്ടിൽ ഗണേശരന്റെ വീടിന് മുന്നിൽ നിന്ന 60 സെന്റിമീറ്ററിന് മുകളിൽ ചുറ്റളവും 25 അടി പൊക്കവുമുള്ള ചന്ദനമരമാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്.

ഞായറാഴ്ച വെളുപ്പിന് 2 ഓടെയാണ് സംഭവം. വീടിന് മുൻവശത്തെ കോഴിക്കച്ചവടസ്ഥാപനത്തിന് സമീപത്താണ് മരം നിന്നത്. മരം മുറിച്ച് മേൽഭാഗം നിലംപൊത്തിയപ്പോഴേക്കും കോഴിക്കടയിലേക്കുള്ള വാഹനമെത്തി. തുടർന്ന് മരം കടത്താനുള്ള ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു.

വാൾ ഉപയോഗിച്ച് മരം മുറിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യം ലഭിച്ചു. ചന്ദനമരത്തിന് 25 വർഷം പഴക്കമുണ്ട്.

ദേശീയപാതത്തിൽ നിൽക്കുന്നതിനാൽ പലതവണ നിരവധിപേർ ചന്ദനമരത്തിന് വില പറഞ്ഞിരുന്നു. എന്നാൽ ശക്തികുളങ്ങര ക്ഷേത്രത്തിലേക്ക് നേർച്ചയായി നിറുത്തിയിരുന്നതാമെന്ന് ഉടമ ഗണേശ്വരൻ പറഞ്ഞു. ശക്തികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ ആശ്രമത്തിന് മുന്നിൽ നിന്ന ചന്ദനമരവും ശക്തികുളങ്ങര ക്ഷേത്രത്തിലെ ഉപദേവതയായ പനമ്പള്ളി മഠത്തിൽ നിന്ന ചന്ദന മരവും കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ മോഷണം പോയിരുന്നു.