ഷംനയുടെ  റോൾ  മോഡൽ  ഉമ്മ, ലക്ഷ്യം  ഫാഷൻ ഡിസൈനിംഗ്

Monday 04 December 2023 12:29 AM IST
വി.എസ്.ഷമ്ന ഉമ്മ ഷെമിയ്ക്കൊപ്പം

തിരുവനന്തപുരം: ഉമ്മയാണ് പ്ലസ്‌വണ്ണിലെ വി.എസ്.ഷംനയുടെ റോൾ മോഡൽ. തയ്യൽകാരിയായ ഉമ്മ ഷെമി ഉടുപ്പുകൾ തുന്നുന്നത് കണ്ട് സ്വയം അതിലേക്ക് തിരിയുകയായിരുന്നു. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലെ എച്ച്.എസ്.എസ് വിഭാഗം പ്രവൃത്തിപരിചയ തുന്നൽ മത്സരത്തിന് എത്തിയ തൃശൂർ നളന്ദ ഗവ.എച്ച്.എസ്.എസിലെ ഈ കൊച്ചുമിടുക്കിക്ക് ലോകം അറിയുന്ന ഫാഷൻ ഡിസൈനർ ആകാനാണ് മോഹം. പതിമൂന്ന് വയസുള്ള പെൺകുട്ടിക്ക് പാകമാകുന്ന രണ്ട് തട്ടുള്ള ഉടുപ്പ് തുന്നുന്നതായിരുന്നു മത്സരത്തിലെ വിഷയം. സൂചിയും നൂലും മാത്രം ഉപയോഗിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ഷംന തുന്നിയ നീല ഫ്രോക്ക് കണ്ട് ഉമ്മയ്ക്കും വിസ്മയം. മത്സരത്തിൽ എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.

ഉമ്മ തയ്ച്ചിട്ട് ബാക്കി വരുന്ന തുണിക്കഷ്ണങ്ങളിലായിരുന്നു വീട്ടിലെ പരീക്ഷണം. സഹോദരിമാർക്ക് കുഞ്ഞുടുപ്പ് തുന്നിയാണ് തുടക്കം. മീൻകച്ചവടം നടത്തുന അച്ഛൻ ഷൗക്കത്തലിയും പിന്തുണച്ചു. സമയം കിട്ടുമ്പോഴെല്ലാം എംബ്രോയ്ഡറിയും ചിത്രരചനയും ചെയ്യും. സംസ്ഥാനതലത്തിലെ കന്നി അങ്കമാണ്. മലയാളിയുടെ വസ്ത്രങ്ങളിൽ പുതിയ പരീക്ഷണങ്ങൾ ചെയ്യണമെന്നാണ് ഷംനയുടെ മോഹം.