സംസ്ഥാന സ്കൂൾ ശാസ്ത്രമേള: ഓവറോൾ മധുരവുമായി മലപ്പുറം

Monday 04 December 2023 12:34 AM IST

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പിന്റെ മധുരം മലപ്പുറത്തിന്. നാല് ദിവസം നീണ്ടുനിന്ന 180 മത്സരങ്ങൾ അവസാനിച്ചപ്പോൾ 1442 പോയിന്റുമായാണ് മലപ്പുറം കിരീടമണി‍ഞ്ഞത്. രണ്ടാം ദിനത്തിൽ കൈവരിച്ച ആധിപത്യം ഒടുവിൽ വരെ നിലനിറുത്താൻ മലപ്പുറത്തിന് കഴിഞ്ഞു. 26 ഇനങ്ങളിൽ ഒന്നാം സ്ഥാനം,​ 13 ഇനങ്ങളിൽ രണ്ടാം സ്ഥാനം,​ 15 മൂന്നാം സ്ഥാനം,​ 245 എ ഗ്രേഡ്, 11 ബി ഗ്രേഡ് - ഈ തേരോട്ടമാണ് മലപ്പുറത്തെ ഒന്നാമതെത്തിച്ചത്.

1350 പോയിന്റുമായി കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. 1333 പോയിന്റ് നേടിയ കണ്ണൂരും 1332 പോയിന്റുമായി കോഴിക്കോടുമാണ് മൂന്നും നാലും സ്ഥാനത്ത്. ഗണിതം, സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയ മേള, ഐടി എന്നിവയിൽ ആധിപത്യം പുലർത്തിയ മലപ്പുറം പക്ഷേ ശാസ്ത്രമേളയിൽ 11ാം സ്ഥാനത്താണുള്ളത്. ശാസ്ത്രമേളയിൽ ഒന്നാമത് തൃശൂരും രണ്ടാമത് പാലക്കാടുമാണ്.
സ്‌കൂളുകളിൽ 142 പോയിന്റുമായി കാസർകോട് ദുർഗ എച്ച്.എസ്.എസ് മികച്ച സ്‌കൂളായി. 138 പോയിന്റ് നേടിയ ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ജി.എച്ച്.എസ്സ്.എസ്സ് രണ്ടാം സ്ഥാനം നേടി. 134 പോയിന്റുമായി തൃശൂർ പാണങ്ങാട് എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.
സയൻസിൽ മലപ്പുറം മഞ്ചേരി ജി.ബി.എച്ച്.എസ്.എസാണ് മികച്ച സ്‌കൂൾ. ഗണിതത്തിൽ പാലക്കാട് വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസ്, സാമൂഹ്യ ശാസ്ത്രത്തിൽ കാസർകോട് ചെമ്മനാട് സി.ജെ.എച്ച്.എസ്.എസ്, പ്രവൃത്തി പരിചമേളയിൽ കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ്, ഐടിയിൽ ഇടുക്കി കട്ടപ്പന എസ്.ജി.എച്ച്.എസ്.എസ് എന്നിവ മികച്ച സ്‌കൂളുകളായി.

Advertisement
Advertisement