സമാന ചിന്താഗതിക്കാരെ കോൺ. ഒപ്പം നിറുത്തിയില്ല: പിണറായി 

Monday 04 December 2023 12:36 AM IST

പാലക്കാട്: സമാന ചിന്താഗതിയുള്ള പാർട്ടികളെ കൂടെ നിറുത്താതെ ഒറ്റയ്ക്ക് ജയിക്കാമെന്ന കോൺഗ്രസിന്റെ ധാരണയ്‌ക്കേറ്റ തിരിച്ചടിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിറ്റൂരിൽ നടന്ന നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയേക്കാൾ വർഗീയത ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് മറ്റൊരു പ്രശ്നം. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാമെന്ന കോൺഗ്രസിന്റെ ചിന്താഗതിക്കേറ്റ പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലം. മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വം ബി.ജെ.പിയുടെ ബി ടീമായാണ് പ്രവർത്തിച്ചത്. കോൺഗ്രസ് ദേശീയ നേതൃത്വം തന്നെയാണ് ഈ ദുർഗതിക്ക് കാരണം.ബി.ജെ.പിയെ നേരിടാൻ തങ്ങൾ ഒറ്റയ്ക്ക് മതിയെന്നായിരുന്നു കോൺഗ്രസ് നിലപാട്. നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുമായി സഖ്യമില്ലെന്ന കോൺഗ്രസ് നയം ആർക്കും ഉൾക്കൊള്ളാൻ പറ്റാത്തതാണ്. ബി.ജെ.പിയെ പോലൊരു പാർട്ടിയെ നേരിടുമ്പോൾ സമാനമനസ്കരായ എല്ലാവരുടെയും പിന്തുണ ആർജിക്കണം. പാഠമുൾക്കൊണ്ട് എല്ലാ പാർട്ടികളെയും ചേർത്ത് നിറുത്താൻ കോൺഗ്രസ് തയ്യാറാകണം. ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും പിണറായി പറഞ്ഞു.