മദ്ധ്യപ്രദേശ്: സിന്ധ്യയ്ക്ക് മുന്നിൽ മുട്ടുമടക്കി കോൺഗ്രസ്

Monday 04 December 2023 1:05 AM IST

ന്യൂഡൽഹി: മദ്ധ്യ പ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനോട് നേരത്തേ ജയസാദ്ധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ ഇക്കുറി ഭരണമുറപ്പാണെന്നും ചില 'കുലംകുത്തികൾ" പാർട്ടിയിൽ ഇല്ലല്ലോ എന്നുമായിരുന്നു മറുപടി. പേരു പറഞ്ഞില്ലെങ്കിലും 2018-ൽ കലാപമുണ്ടാക്കി കമൽനാഥ് സർക്കാരിനെ താഴെയിറക്കി ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് 'കുലംകുത്തി" എന്ന് വ്യക്തം.

സിന്ധ്യ പുറത്തു പോയതോടെ പാർട്ടി ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായി പ്രവർത്തിച്ച് ഭരണം പിടിക്കുമെന്ന കോൺഗ്രസ് അവകാശവാദം ഉടഞ്ഞു വീണു. തന്റെ സ്വാധീന മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് കുതിപ്പുണ്ടാക്കിയ സിന്ധ്യ സംസ്ഥാനത്ത് കോൺഗ്രസിനെ വീണ്ടും അടിച്ചൊതുക്കി. ബി.ജെ.പി ഭരണവിരുദ്ധ തരംഗത്തെ പാടെ തള്ളി 2018-നെ അപേക്ഷിച്ച് 30ലേറെ സീറ്റുകൾ അധികം പിടിച്ചെന്ന് ലീഡുകൾ സൂചിപ്പിക്കുന്നു. 2018-ൽ സിന്ധ്യയുടെ പിന്തുണയാൽ പിടിച്ച ചമ്പൽ-ഗ്വാളിയോർ മേഖലയിൽ കോൺഗ്രസിന് അടി പതറി. 34 സീറ്റുകളുള്ള ചമ്പൽ-ഗ്വാളിയോർ മേഖലയിലെ ആധിപത്യം സംസ്ഥാനം പിടിക്കാൻ നിർണായകമാണ്.അഞ്ച് വർഷം മുമ്പ് കോൺഗ്രസ് വിജയിച്ച മാൾവ മേഖലയിലും ബി.ജെ.പി പിടിച്ചു കയറി.

2018ൽ 15 മാസ ഇടവേള ഒഴിച്ച് 18 വർഷം ഭരിച്ച സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം കോൺഗ്രസിന് അനുകൂലമാകാതിരുന്നത് ബി.ജെ.പിയുടെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച കേഡർ സംവിധാനത്തിന്റെ മികവു മൂലമാണ്. പാർട്ടി മുഖമായി പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെ അഴിമതി പാർട്ടിയായി ചിത്രീകരിച്ച് സംസ്ഥാനമൊട്ടാകെ നടത്തിയ റോഡ് ഷോകൾക്കും റാലികൾക്കുമൊപ്പം ചാണക്യ തന്ത്രങ്ങളുടെ ആശാനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ താഴെതട്ടിൽ ബൂത്തു തലത്തിൽ വോട്ടുകൾ ചോരുന്നത് തടഞ്ഞു.

ഭരണവിരുദ്ധ തരംഗം ഒഴിവാക്കാനാണ് ശിവ്‌രാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാതിരുന്നത്. അതേസമയം അദ്ദേഹം നടപ്പാക്കിയ ജനപ്രിയ പദ്ധതികൾ പ്രചാരണത്തിൽ വ്യാപകമായി ഉപയോഗിച്ചു. നേതൃത്വത്തിലെന്ന പോലെ താഴെത്തട്ടിലും യുവാക്കളെ അടക്കം പുതുതായി കൊണ്ടുവന്ന് പ്രവർത്തനത്തിന് ഊർജ്ജം നൽകി.

കോൺഗ്രസിന്

പിഴച്ചത്

ഭരണവിരുദ്ധ തരംഗം ബി.ജെ.പിയെ തളർത്തുമെന്ന അമിത ആത്മവിശ്വാസമാണ് കോൺഗ്രസിന് വിനയായത്. സംഘടനാതലത്തിൽ ബി.ജെ.പിക്കുള്ള മികവ് മറികടക്കാനോ, പാർട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനം കുറയ്‌ക്കാനോ പാർട്ടിക്കായില്ല. രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, മല്ലികാർജ്ജുന ഖാർഗെ എന്നിവരുടെ റാലികളും പ്രഖ്യാപനങ്ങളും കൊണ്ട് മറികടക്കാമെന്നും കരുതിയത് തെറ്റി. അമിത ആത്മവിശ്വാസമാണ് സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ധാരണ പോലും വേണ്ടെന്ന കോൺഗ്രസ് നിലപാടിന് കാരണമായത്. അതേ ചൊല്ലിയുള്ള അലോസരത്താൽ ഇന്ത്യാ മുന്നണിയുടെ ശക്തിയും കോൺഗ്രസിന് ലഭിക്കാതെ പോയി.

Advertisement
Advertisement