ഭർത്താവിനെ ഡിസ്‌ചാർജ് ചെയ്ത് കൊണ്ടുപോകാനെത്തിയ വീട്ടമ്മയെ ആശുപത്രിയിൽ വച്ച് കാറിടിച്ചു; ദാരുണാന്ത്യം

Monday 04 December 2023 10:47 AM IST

കോഴിക്കോട്: കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി കോമ്പൗണ്ടിനുള്ളിലാണ് അപകടമുണ്ടായത്. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പിൽ ശിവന്റെ ഭാര്യ ഷീന (48) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഭർത്താവ് ശിവനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്ത് വീട്ടിലേയ്‌ക്ക് കൊണ്ടുപോകാൻ വേണ്ടി മകന്റെ വണ്ടിയിൽ സാധനങ്ങൾ എടുത്ത് വയ്‌ക്കുകയായിരുന്നു ഷീന. അതിനിടെ പാർക്ക് ചെയ്‌തിടത്ത് നിന്നും മുന്നിലേയ്‌ക്ക് അമിത വേഗതയിൽ എത്തിയ കാർ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിച്ചു. മക്കൾ - ആകാശ്, അരുൺ, ദൃശ്യ, മരുമകൻ - ശരത്ത്.

ബൈക്കിടിച്ച് കഴിഞ്ഞ ദിവസം ബാലുശേരിയിൽ കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചിരുന്നു. കരുമലയിലാണ് സംഭവം ഉണ്ടായത്. 60കാരിയായ ഇന്ദിരയാണ് മരിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞ് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേയ്‌ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. കരുമല ബാങ്കിന് സമീപം എകരൂൽ ഭാഗത്ത് നിന്ന് വന്ന ബൈക്കാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ ഉടൻ തന്നെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.