വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ താരങ്ങള്‍ ബാഗുകള്‍ ചുമന്നതെന്തിന്? വിശദീകരണവുമായി ഷഹീന്‍ ഷാ അഫ്രീദി

Monday 04 December 2023 12:59 PM IST

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ വിമാനത്താവളത്തില്‍ ബാഗേജുകള്‍ ഒറ്റയ്ക്ക് ചുമന്ന സംഭവത്തില്‍ പ്രതികരിച്ച് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി. വിമാനത്താവളത്തില്‍ പാക് ടീമിനെ സഹായിക്കാന്‍ വെറും രണ്ട് പേരെ മാത്രമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതര്‍ അയച്ചത്.

അരമണിക്കൂറിനുള്ളില്‍ അടുത്ത വിമാനം പുറപ്പെടുമായിരുന്നു. അതുകൊണ്ടാണ് ബാഗുകള്‍ താരങ്ങള്‍ തന്നെ ചുമന്ന് മറ്റൊരു വാഹനത്തില്‍ കയറ്റിയതെന്നാണ് ഷഹീന്‍ പറഞ്ഞത്.

വെറും രണ്ട് പേര്‍ മാത്രം വിചാരിച്ചാല്‍ അത്രയും കളിക്കാരുടെ ബാഗുകള്‍ പെട്ടെന്ന് വാഹനത്തില്‍ കയറ്റാന്‍ കഴിയില്ല. വിമാനം പുറപ്പെടുന്നതിന് മുമ്പ് ജോലി തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് പരസ്പരം സഹായിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു- ഷഹീന്‍ ഷാ അഫ്രീദി കൂട്ടിച്ചേര്‍ത്തു.

ഓസീസ് അധികൃതര്‍ പാക് താരങ്ങള്‍ക്ക് കൃത്യമായി സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പരമ്പരാഗത വൈരികളായിട്ടും ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ എത്തിയപ്പോള്‍ മികച്ച സൗകര്യങ്ങളാണ് പാകിസ്ഥാന് ലഭിച്ചതെന്ന് ചില ആരാധകര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ആദ്യത്തെ പരമ്പരയാണ് ഓസ്‌ട്രേലിയക്ക് എതിരെയുള്ളത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 14ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കും. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞ ബാബര്‍ അസമിന് പകരം ഷാന്‍ മസൂദ് ആണ് ടീമിനെ നയിക്കുന്നത്.