സന്നിധാനത്ത് തിരക്കേറി, മേൽപ്പാലം വാക്കിലൊതുങ്ങി

Tuesday 05 December 2023 4:33 AM IST

ശബരിമല :തീർത്ഥാടകരുടെ തിരക്കൊഴിവാക്കാൻ മാളികപ്പുറത്തെയും ചന്ദ്രാനന്ദൻ റോഡിനെയും ബന്ധിപ്പിച്ച് മേൽപ്പാലം പണിയാനുള്ള പദ്ധതി യാഥാർത്ഥ്യമായില്ല.

നിലവിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

രണ്ടുവർഷം മുമ്പ് ദേവസ്വംബോർ‌ഡ് തീരുമാനിച്ച പദ്ധതിയാണ് രൂപരേഖയും എസ്റ്റിമേറ്റും പോലും തയ്യാറാക്കാതെ പെരുവഴിയിലായത്.

ശബരിമല മാസ്റ്റർപ്ളാനിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെല്ലിനെ നിർമ്മാണം ഏൽപ്പിക്കാനായിരുന്നു തീരുമാനം. ഇവർ മുൻകൂറായി പണം ആവശ്യപ്പെട്ടതോടെ ഒഴിവാക്കി. കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്കോസിന് ചുമതല നൽകി. പക്ഷേ തുടർനടപടി ഉണ്ടായില്ല.

മേൽപ്പാലം വന്നാൽ ദർശനം കഴിഞ്ഞ് ഇതുവഴി മടങ്ങനാകും. ദർശനത്തിന് എത്തുന്നവരും മടങ്ങുന്നവരും ഇപ്പോൾ ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള വലിയ നടപ്പന്തലിലൂടെയാണ് പോകുന്നത്. ഇതാണ് രൂക്ഷമായ തിരക്കിന് കാരണം.

രണ്ടു മലയിടുക്കുകളെ

ബന്ധിപ്പിക്കുന്ന പാലം

രണ്ട് മലയിടുക്കുകളെ ബന്ധിപ്പിക്കുന്ന പുതിയ മേൽപ്പാലത്തിന് 375 മീറ്റർ നീളവും 6.4 മീറ്റർ വീതിയുമാണ് കണക്കാക്കുന്നത്. പൊലീസ് ബാരക്കിന് സമീപം തുടങ്ങി ചന്ദ്രാനന്ദൻ റോഡിലാണ് അവസാനിക്കുന്നത്. പാലത്തിൽ സുരക്ഷാ ഇടനാഴിയും വിഭാവനം ചെയ്തിട്ടുണ്ട്.

ഉപയോഗമില്ലാതെ

ബെയ്ലിപാലം

തിരക്കൊഴിവാക്കാൻ താത്കാലികമായി 2005ൽ കരസേന ഇവിടെ ബെയ്ലി പാലം നിർമ്മിച്ചിരുന്നു. ഉയർന്ന പടിക്കെട്ടുകൾ കയറേണ്ടി വരുന്നതിനാൽ തീർത്ഥാടകർ ഉപയോഗിക്കാറില്ല. കാലാവധിയും കഴിഞ്ഞു. പുതിയ മേൽപ്പാലം വന്നാൽ ഇത് പൊളിച്ചുമാറ്റും.