കുഞ്ചൻ നമ്പ്യാർ അവാർഡ് കെ.ജി. ശങ്കരപ്പിള്ളയ്ക്ക്

Tuesday 05 December 2023 4:34 AM IST

തിരുവനന്തപുരം: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2023ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡിന് കവി കെ.ജി. ശങ്കരപ്പിള്ള അർഹനായി. 25001 രൂപയും ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡെന്ന് ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാക്ഷരത മിഷൻ ഡയറക്ടർ എ.ജി. ഒലീന, പ്രൊഫ. തോമസ് താമരശ്ശേരി എന്നിവരാണ് ജൂറി അംഗങ്ങൾ.
കലാപ്രതിഭ പുരസ്‌കാരത്തിന് കേരള സർവകലാശാല സംസ്‌കൃത വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഉഷാ രാജാവാര്യർ അർഹയായി. നോവൽപുരസ്‌കാരം ഡോ. എം.എസ്.നൗഫലിന്റെ 'മാ തുത്ധേ സലാം' എന്ന കൃതിക്കാണ്. മെട്രോപൊളിറ്റൻ ബിഷപ്പ് ഡോ. പനതപുരം മേത്യു സാം, ഡോ. സുഷമ ശങ്കർ, സുകു പാൽക്കുളങ്ങര, കെ.പി.സുധീര,സവിതാ വിനോദ്, ഹരി കാവിൽ, പേരൂർ അനിൽകുമാർ, സണ്ണിച്ചൻ കൊല്ലം എന്നിവർക്കാണ് മറ്റ് അവാർ‌ഡുകൾ.

പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ. സാനു, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ബി.ഡി.അനിൽകുമാർ,പിന്നണി ഗായകൻ അനിൽറാം,രേഷ്മ എസ്. സജു എന്നിവരടങ്ങുന്ന കമ്മിറ്രിയാണ് സാഹിത്യകൃതികൾ തിരഞ്ഞെടുത്തത്. പുരസ്കാരങ്ങൾ ജനുവരി നാലാംവാരം പ്രസ്ക്ലബിൽ നടക്കുന്ന കുഞ്ചൻ സാഹിത്യോത്സവത്തിൽ നൽകും. ചടങ്ങിൽ തോറ്റംപാട്ട് ആചാര്യൻ സ്വാമി ചെല്ലപ്പൻ നായരെ ആദരിക്കുമെന്ന് കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി പഴുവടി രാമചന്ദ്രൻ നായർ പറഞ്ഞു.

Advertisement
Advertisement