ഗുരുവായൂർ ദർശനത്തിന് വരികയായിരുന്ന ശബരിമല തീർത്ഥാടകരുടെ ബസിന് തീപിടിച്ചു

Tuesday 05 December 2023 4:29 AM IST
  • ഗ്യാസ് സിലിണ്ടറുൾപ്പെടെ ഉണ്ടായിരുന്ന ബസ് തീപിടിച്ചത് പെട്രോൾ പമ്പിന് മുന്നിൽ വച്ച്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വരികയായിരുന്ന ശബരിമല തീർത്ഥാടകരുടെ ബസ് പെട്രോൾ പമ്പിന് മുന്നിൽ തീപിടിച്ചു. ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസ് സിലിണ്ടറുകളുൾപ്പെടെ ഉണ്ടായിരുന്ന ബസിലെ തീ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് അണച്ചു. ആർക്കും കാര്യമായ പരിക്കില്ല.

ബസിന്റെ ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നത് ദുരന്തമൊഴിവാക്കി. ഗുരുവായൂർ കിഴക്കേനടയിലെ റെയിൽവേ മേൽപ്പാലം ഇറങ്ങി വരുമ്പോഴുള്ള പെട്രോൾ പമ്പിന് മുന്നിൽ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. സേലം എടപ്പാടിയിൽ നിന്നുള്ള ഏഴ് കുട്ടികളടക്കം 50 പേരടങ്ങുന്ന ശബരിമല തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പമ്പിന് മുന്നിലെത്തിയതോടെ ഓഫാവുകയും മുൻവശത്ത് നിന്നും തീ ഉയരുകയുമായിരുന്നു. സെൽഫ് മോട്ടോറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത്.