കരാറിൽ കൈ പൊള്ളി കെ.എസ്.ഇ.ബി: വൈദ്യുതി നിരക്ക് കുതിക്കും
തിരുവനന്തപുരം: ക്രമക്കേടു നിറഞ്ഞ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കുമെന്ന് ഉറപ്പുണ്ടായിട്ടും, ഉത്പാദനം കൂട്ടാനോ ബദൽ മാർഗം സ്വീകരിക്കാനോ കൂട്ടാക്കാതിരുന്ന കെ.എസ്.ഇ.ബിക്ക് കരാറുകാർ വില കൂട്ടി ചോദിച്ചതോടെ കൈ പൊള്ളി. റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിച്ചാൽ ഇരട്ടി വില നൽകണമെന്നാണ് വാദം. ഇതംഗീകരിച്ചാൽ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തേണ്ടി വരും.
യൂണിറ്റിന് 4.29 രൂപയ്ക്കാണ് 2014ൽ ദീർഘകാല കരാർ ഒപ്പിട്ടത്. അത് തുടരണമെങ്കിൽ 9 രൂപ വേണമെന്നാണ് കരാറുകാരുടെ വാദം. ഇതിന്റെ തെളിവ് ഒരാഴ്ചക്കുള്ളിൽ ഹാജരാക്കാനാണ് റെഗുലേറ്ററി കമ്മിഷന്റെ ആവശ്യം. തെളിവ് നൽകിയാൽ കെ.എസ്.ഇ.ബിക്ക് നിരക്കിന്റെ കാര്യത്തിൽ നിലപാടറിയിക്കേണ്ടിവരും.
4.29 രൂപ നിരക്കിൽ ഇപ്പോൾ വൈദ്യുതി കിട്ടില്ല. ഹ്രസ്വകാല,ദീർഘകാല കരാറുകൾക്കായി രണ്ടു മാസം മുമ്പ് കെ.എസ്.ഇ.ബി ക്ഷണിച്ച ടെൻഡറിൽ ആരും 6രൂപയിൽ താഴെ ക്വാട്ട് ചെയ്‌തില്ല. അതുകൊണ്ട് നിരക്ക് കൂട്ടണമെന്ന കരാറുകാരുടെ ആവശ്യം പരിഗണിക്കണമെന്നാണ് ഒരു വാദം. എന്നാൽ കരാർ റദ്ദാക്കിയത് ഔദ്യോഗികമായി കെ.എസ്.ഇ.ബി കരാറുകാരെ അറിയിച്ചിട്ടില്ല. പുനഃസ്ഥാപിക്കാനുള്ള ശ്രമം വിജയിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ നിരക്ക് കൂട്ടണമെന്ന വാദവും പഴയ നിരക്കിൽ വൈദ്യുതി തരാതിരിക്കലും കരാർ ലംഘനമാണ്. ഇതിനെതിരെ നിയമ നടപടിക്ക് പുറമേ, കേന്ദ്ര സർക്കാരിൽ പരാതിയും നൽകാം. കരാറുകാർക്ക് ലഭിക്കുന്ന കൽക്കരി തടയാനും ആവശ്യപ്പെടാമെന്നാണ് രണ്ടാമത്തെ വാദം. നിരക്ക് കൂട്ടണമെങ്കിൽ സർക്കാരിന്റെ അനുമതിയും തേടേണ്ടിവരും.
ഉത്പാദനം കൂട്ടുന്നില്ല
വൈദ്യുതിയിൽ പ്രതിസന്ധിയിലേക്ക് പോകുമ്പോഴും ഉത്പാദനം കൂട്ടുന്നതിൽ കെ.എസ്.ഇ.ബി.വിമുഖത കാട്ടുന്നതായി സർക്കാരിനും ആക്ഷേപമുണ്ട്. ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി തീർക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ല. കെ.എസ്.ഇ.ബിയിലെ ആഭ്യന്തര തർക്കത്തിൽ ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ പണി മുടങ്ങുന്നു. 12 കോടി കൂടി ചെലവഴിച്ചാൽ 24 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതാണ് പദ്ധതി. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ, 40മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കാനുള്ള സമയപരിധി പല തവണ നീട്ടി. 110കെ.വി നെന്മാറകളപ്പെട്ടി-, 110 കെ.വി പാലോട്, 220കെ.വി പള്ളിവാസൽ തുടങ്ങി 125 മെഗാവാട്ട് ശേഷിയുള്ള 13 ചെറുകിട പദ്ധതികൾ കടലാസിലാണിപ്പോഴും. നിർമ്മാണത്തിലിരിക്കുന്ന 25 ചെറുകിട പദ്ധതികൾ ഇഴയുന്നു. ഭൂതത്താൻകെട്ട്, പെരിങ്ങൽകുത്ത് (24 മെഗാവാട്ട് വീതം) എന്നിവ നിലവിൽ യഥാക്രമം 60ശതമാനവും 73ശതമാനവുമാണ്. സോളാർ ഉത്പാദനത്തിലും ഇതാണ് സ്ഥിതി.