ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: 'ലിവിംഗ് ടുഗദർ' പങ്കാളികൾ കസ്റ്റഡിയിൽ

Tuesday 05 December 2023 1:45 AM IST

കൊച്ചി: ഒരു മാസം മാത്രം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിൽ 'ലിവിംഗ് ടുഗദർ" പങ്കാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശിയായ യുവാവും ആലപ്പുഴ സ്വദേശിയായ യുവതിയുമാണ് എളമക്കര പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ രാത്രി വൈകിയും സെൻട്രൽ അസി. പൊലീസ് കമ്മിഷണർ ജയകുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.

എറണാകുളം കറുകപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ ഞായറാഴ്ച രാവിലെ എട്ടരയോടെ അബോധാവസ്ഥയിലായ ആൺകുഞ്ഞുമായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു. അനക്കമില്ലാതെ കണ്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചതാണെന്നും തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതാകാമെന്നുമാണ് പറഞ്ഞത്. കുഞ്ഞിനെ ന്യൂ ബോൺ ഐ.സി.യുവിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ തിരിച്ചറിഞ്ഞതോടെയാണ് പങ്കാളികളെ കസ്റ്റഡിയിലെടുത്തത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒന്നര വർഷമായി കൊച്ചിയിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു എന്നുമാണ് സൂചന.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ശരീരത്തിൽ അസ്വാഭാവികമായ പാടുകൾ കണ്ടതിനാൽ ശിശുരോഗ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിലാകും ഇന്ന് പോസ്റ്റുമോർട്ടം.