ഇ പോസ് ഏറ്റെടുക്കാൻ ആളില്ല: നിലവിലെ കമ്പനിക്ക് കാലാവധി നീട്ടി നൽകി

Tuesday 05 December 2023 1:48 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായി ക്ഷണിച്ച ടെൻഡർ ഏറ്റെടുക്കാൻ സ്വകാര്യ കമ്പനികൾ ആരും തയാറായില്ല. ടെൻഡറിന്റെ സമയ പരിധി കഴിഞ്ഞതോടെ ഇപ്പോഴത്തെ കമ്പനിക്ക് കരാർ കാലാവധി ഒരു മാസത്തേക്കു കൂടി നീട്ടി നൽകി. കാലാവധി നവംബർ 30ന് അവസാനിച്ചിരുന്നു. സംസ്ഥാനത്ത് 14,335 റേഷൻ കടകളിലുള്ള ഇ പോസ് യന്ത്രങ്ങളുടെ 3 വർഷത്തെ പരിപാലനക്കരാറിനു സംസ്ഥാന സർക്കാരിനു വേണ്ടി സപ്ലൈകോയാണ് ഒക്ടോബറിൽ കേന്ദ്ര സർക്കാരിന്റെ ജെം പോർട്ടൽ വഴി ടെൻഡർ ക്ഷണിച്ചത്. കരടു വ്യവസ്ഥകൾ സംബന്ധിച്ച് 7 കമ്പനികളുമായി പ്രീ ബിഡ് ചർച്ചകൾ നടന്നിരുന്നു. നാലു മണിക്കൂറിനകം യന്ത്രങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അതു കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും 1000 രൂപ വീതം പിഴ എന്നതാണു വ്യവസ്ഥ. എന്നാൽ, ഒരു മണിക്കൂറിനകം പരിഹരിച്ചില്ലെങ്കിൽ 3000 മുതൽ 5000 രൂപ വരെ പിഴ, സർക്കാർ വാങ്ങിവയ്ക്കുന്ന ഉപകരണങ്ങൾക്കു കരാർ കമ്പനി അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ പുതിയ വ്യവസ്ഥകൾ കമ്പനികൾക്കു സ്വീകാര്യമായില്ല. വ്യവസ്ഥകൾ മാറ്റാനാവില്ലെന്നു സർക്കാരും വ്യക്തമാക്കി. ഇതോടെയാണ് ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാതെ പോയത്. ഇ പോസ് യന്ത്രങ്ങൾ സ്ഥാപിക്കാനും വാർഷിക അറ്റകുറ്റപ്പണിക്കുമായി 2018 ഫെബ്രുവരിയിലാണ് ആദ്യം കരാർ ഒപ്പിട്ടത്. ഹൈദരാബാദ് ആസ്ഥാനമായ ലിങ്ക്‌വെൽ ടെലിസിസ്റ്റംസ് എന്ന കമ്പനിയാണ് 51.16 കോടി രൂപയ്ക്ക് 5 വർഷത്തേക്കു കരാർ നേടിയത്. കരാറിന്റെ കാലാവധി കഴിഞ്ഞ ജൂണിൽ തീർന്നതോടെ 6 മാസത്തേക്കു കൂടി ദീർഘിപ്പിച്ചു.