40 കെ വാഴ ! സില്‍വര്‍ ലെയ്ന്‍ കുറ്റി പിഴുത കുഴിയില്‍ വാഴ കുലച്ചു, ആലുവ മാർക്കറ്റില്‍ നടന്നത് കടുത്ത ലേലം വിളി

Tuesday 05 December 2023 8:45 PM IST

കൊച്ചി: കെ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള സര്‍വേയുടെ ഭാഗമായി കുറ്റി സ്ഥാപിച്ചതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് നടന്നത്. കെ റെയില്‍ അധികൃതര്‍ സ്ഥാപിച്ച മഞ്ഞക്കുറ്റി പിഴുത് കളഞ്ഞായിരുന്നു പ്രതിഷേധം. അത്തരത്തില്‍ കുറ്റി പിഴുത് ആ കുഴിയില്‍ വാഴ നട്ട് അത് കുലച്ചപ്പോള്‍ ലേലത്തില്‍ വിറ്റ് സമരസമിതി. ഒരു കുല ലേലത്തില്‍ പോയത് 40,300 രൂപയ്ക്ക്.

എറണാകുളം ആലുവ പൂക്കാട്ടുപടിക്ക് സമീപം കെ റെയില്‍ കുഴിയില്‍ നട്ടുപിടിപ്പിച്ച വാഴയാണ് കുലച്ചത്. ആലുവ മാര്‍ക്കറ്റിലെത്തിച്ചാണ് എട്ട് കിലോ ഭാരമുള്ള പാളയംകോടന്‍ കുല ലേലത്തില്‍ വിറ്റത്. കെ റെയിലിനെതിരായ സമര പോരാട്ടത്തിന്റെ ചരിത്രമുള്ളതിനാലാണ് കുലയ്ക്ക് ഇത്രയും വില ലഭിച്ചതെന്നാണ് സമരസമിതി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നത്.

ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലാണ് ലേലം വിളി നടന്നത്. നാട്ടുകാരും സമരസമിതി അംഗങ്ങളും ലേലംവിളിയില്‍ പങ്കെടുത്തു. ലേലത്തിന്റെ ആവേശത്തില്‍ വില പതിനായിരം കടന്നെങ്കിലും 40,000 രൂപവരെ എത്തുമെന്ന് സമരസമിതിപോലും പ്രതീക്ഷിച്ചിരുന്നില്ല.

വാശിയേറിയ ലേലം വിളിക്ക് ഒടുവില്‍ 40,300 എന്ന തുകയില്‍ കുല ലേലത്തില്‍ വിറ്റ് പോകുകയായിരുന്നു. ആലുവ പൂക്കാട്ടുപടി സ്വദേശി നിഷാദ് ആണ് റെക്കാഡ് വിലയ്ക്ക് വാഴക്കുല സ്വന്തമാക്കിയത്. ലേലത്തില്‍ ലഭിച്ച തുക ഇനി എന്താണ് ചെയ്യേണ്ടതെന്ന് സമരസമിതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അംഗങ്ങള്‍ അറിയിച്ചു.