കാശ്‌മീരിൽ കാർ കൊക്കയിൽ വീണ് 4 മലയാളികൾ മരിച്ചു

Wednesday 06 December 2023 12:00 AM IST

ന്യൂഡൽഹി: കേരളത്തിൽ നിന്ന് പോയ ടൂറിസ്റ്റുകളുടെ കാർ ജമ്മു കാശ്മീരിൽ കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഘ്നേഷ് എന്നിവരും ജമ്മു കാശ്മീർ സ്വദേശിയായ ഡ്രൈവർ അജാസ് അഹമ്മദ് അസറുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഷേർ ഇ കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് സ്വദേശികളായ രാജേഷ്, അരുൺ, മനോജ് എന്നിവർക്ക് പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് സോജിലാ പാസ് സന്ദർശിച്ച ശേഷം ലേ - ശ്രീനഗർ ദേശീയ പാത വഴി ശ്രീനഗറിലേക്ക് മടങ്ങവേ ആണ് അപകടം.

സോജില പാസിൽ നിന്ന് സോൻ മാർഗിലേക്കുള്ള യാത്രയ്‌ക്കിടെ

ഗന്ദർബാൽ ജില്ലയിലെ യാദവ് മോഡിലെ ചുരത്തിൽ മഞ്ഞ് വീഴ്ചയെ തുടർന്ന് കാഴ‌്ച നഷ്‌ടപ്പെടുകയും ഇവരുടെ എക്‌സ്.യു.വി കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി കൊക്കയിലേക്ക് വീഴുകയുമായിരുന്നു. ഉടൻ പൊലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി. മരിക്കും മുൻപ് ഡ്രൈവർ പറഞ്ഞാണ് യാത്രക്കാർ മലയാളികളാണെന്ന് അറയുന്നത്.