'കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല'; മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ മരണം,​ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Wednesday 06 December 2023 10:42 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ വനിത യുവ ഡോക്ടറെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സർജറി വിഭാഗത്തിൽ രണ്ടാംവർഷ പി.ജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രീ നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകൾ ഷഹ്ന. എ.ജെയാണ് (27) മരിച്ചത്. അനസ്തേഷ്യ മരുന്ന് വീര്യംകൂടിയ അളവിൽ കുത്തിവച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ നിന്ന് മരുന്നുകുപ്പിയും സിറിഞ്ചും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി.

'വാപ്പ പോയി, എനിക്ക് ആശ്രയമില്ലാതായി, കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല. സ്നേഹബന്ധത്തിന് ഈ ഭൂമിയിൽ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം'- ഷഹ്നയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ വരികളാണിത്. രാത്രി ഡ്യൂട്ടിയ്ക്ക് കയറേണ്ടിരുന്ന ഷഹ്ന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷഹ്ന ആത്മഹത്യ ചെയ്തത് സുഹൃത്തായ ഡോക്ടർ സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണെന്ന് കുടുംബം ആരോപിക്കുന്നു. ഭീമമായ സ്ത്രീധനം ചോദിച്ചെന്നും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്നും അറിയിച്ചതായി ഷഹ്നയുടെ കുടുംബം പറഞ്ഞു.

തിങ്കളാഴ്ച സർജറി ഐ.സി.യുവിൽ ഷഹ്നയ്ക്ക് നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നെങ്കിലും എത്തിയില്ല. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തള്ളിതുറന്ന് അകത്ത് കയറിയപ്പോഴാണ് അബോധാവസ്ഥയിലായിരുന്നു ഷഹ്നയെ കണ്ടത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.