അരുവിക്കരയിൽ കെഎസ്‌ആർടിസി ബസിലേയ്‌ക്ക് ബൈക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Wednesday 06 December 2023 4:50 PM IST

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. അരുവിക്കര സ്വദേശികളും അയൽവാസികളുമായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിലേയ്‌ക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് ഇടിച്ചത്. അരുവിക്കരയിൽ നിന്നും വെള്ളനാട് ഭാഗത്തേക്ക് പോകുകയായിരുന്നു യുവാക്കൾ. നിയന്ത്രണം വിട്ട ബൈക്ക് കെഎസ്‌ആർടിസി ബസിലേയ്‌ക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻതന്നെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകട സമയത്ത് ബസ് റോഡരികിലെ ഓടയിലേയ്‌ക്ക് ചരിഞ്ഞു. മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നിട്ടുണ്ട്. ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.