ഗൾഫിൽ പോകുന്നവർക്ക് കോളടിച്ചു; ഇനി ഒരൊറ്റ വിസയിൽ എല്ലാ ജിസിസി രാജ്യങ്ങളും കാണാം, വമ്പൻ പ്രഖ്യാപനവുമായി സുപ്രീം കൗൺസിൽ

Wednesday 06 December 2023 8:10 PM IST

ദോഹ: ഒരേയൊരു ടൂറിസ്‌റ്റ് വിസ കൊണ്ട് മുഴുവൻ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്ന തീരുമാനം പുറത്തുവിട്ട് ജിസിസി സുപ്രീം കൗൺസിൽ. ഖത്തറിലെ ദോഹയിൽ കഴിഞ്ഞ ദിവസം നടന്ന സുപ്രീം കൗൺസിൽ 44ാം സെഷൻ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരോട് ഇതിനാവശ്യമായ നടപടിക്രമങ്ങൾ വേഗത്തിലാകാനും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

ജിസിസി രാജ്യങ്ങൾ തമ്മിലെ സഹകരണവും ഇവിടങ്ങളിലെ ടൂറിസം വികസനവും ഈ തീരുമാനത്തിലൂടെ കൂടുതൽ വികസിക്കുമെന്നും ചരിത്രപരമായ ഒരു തീരുമാനമാണ് ഇതെന്നും സൗദി ടൂറിസം മന്ത്രി അഹ്‌മെദ് അൽ ഖത്തീബ് പ്രകീർ‌ത്തിച്ചു. ഗൾഫ് രാജ്യങ്ങളെ ആഗോള ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാൻ നടപടി സഹായിക്കുമെന്നും അഹ്‌മെദ് അൽ ഖത്തീബ് പറഞ്ഞു. ടൂറിസ്‌റ്റുകൾക്കൊപ്പം ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും ഇത് യാത്ര സുഖകരമാകാൻ സഹായമാകുന്ന തീരുമാനമാണ്.

ഗൾഫ് രാജ്യങ്ങൾക്ക് പരസ്‌പരം നിക്ഷേപത്തിനും ഇത് കൂടുതൽ മികച്ച അവസരം നൽകും. ടൂറിസത്തിലൂടെ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയും ത്വരിതഗതിയിലാകുകയും ചെയ്യുമെന്നതാണ് ഈ തീരുമാനത്തിന്റെ ഗുണം. യൂറോപ്പിലെ ഷെംഗൻ വിസയുടെ മാതൃകയിലാണ് ഈ പുതിയ ടൂറിസ്റ്റ് വിസ.