കണിച്ചുകുളങ്ങര കൂട്ടക്കൊലപാതകം പ്രതിയുടെ ജാമ്യാപേക്ഷക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

Thursday 07 December 2023 12:15 AM IST

ന്യൂഡൽഹി: കണിച്ചുകുളങ്ങര കൂട്ട കൊലപാതകക്കേസിലെ പ്രതിയും ഹിമാലയ ചിട്ടിക്കമ്പനി മാനേജിംഗ് ഡയറക്ടറുമായിരുന്ന സജിത്തിന്റെ ജാമ്യാപേക്ഷക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഭ്രാന്തമായ ആക്രമണസ്വഭാവമുള്ള കൊടും ക്രിമിനലാണ് സജിത്ത്. ബിസിനസ് കുടിപ്പകയും പണത്തോടുള്ള അത്യാഗ്രഹവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യാതൊരു ദയയും ഇയാൾ അർഹിക്കുന്നില്ലെന്നും കൊലപാതകത്തിന് പിന്നാലെ മധുരം വിതരണം ചെയ്തെന്നും സർക്കാർ അഭിഭാഷകൻ ഹർഷദ് വി.ഹമീദ് മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.

ജസ്റ്റിസ് പി.എസ്.നരസിംഹ അദ്ധ്യക്ഷനായ ബെഞ്ച് ഹർജി ജനുവരി 17ലേക്ക് മാറ്റി. ജാമ്യാവശ്യത്തിലും അപ്പീലുകളിലും വിശദമായി വാദം കേൾക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം.

ജീവപര്യന്തം കഠിനതടവിനെതിരെ സജിത്ത്, കൂട്ടുപ്രതികളായ അജി എന്ന അജിത് കുമാർ, സാജു എന്ന മൃഗം സാജു, ലോറി ഡ്രൈവർ ഉണ്ണി എന്നിവർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. അപ്പീലിൽ തീരുമാനം വൈകുന്നതിനാലാണ് സജിത്ത് ജാമ്യാപേക്ഷ സമർപ്പിച്ചത്.

കണിച്ചുകുളങ്ങര ജംഗ്ഷന് സമീപത്തെ ദേശീയ പാതയിൽ 2005 ജൂലൈ 20നായിരുന്നു നാടിനെ നടുക്കിയ സംഭവം. രമേശും ബന്ധുക്കളും സഞ്ചരിച്ച കാറിലേക്ക് ലോറിയിടിപ്പിച്ചാണ് കൊലപാതകം നടത്തിയത്. അപകടത്തിൽ രമേശും സഹോദരി ലതയും കാർ ഡ്രൈവർ ഷംസുദ്ദിനും കൊല്ലപ്പെട്ടു.

സതേൺ ഹിമാലയ ചിട്ടിക്കമ്പനിയിൽ ജനറൽ മാനേജരായിരുന്ന രമേശ് ജോലി രാജിവച്ച് എവറസ്റ്റ് ചിട്ടി സ്ഥാപനം തുടങ്ങിയതിലെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രോസിക്യൂഷൻ പറയുന്നു. ഹിമാലയ ഗ്രൂപ്പ് എം.ഡി ബിനേഷ്, തൃശൂർ ചാവക്കാട് സ്വദേശി ഷിബി എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സർക്കാർ ഹർജി സമർപ്പിച്ചു.

Advertisement
Advertisement