അധഃസ്ഥിത വിഭാഗങ്ങൾ പിന്തള്ളപ്പെടുന്നു : സ്വാമി സച്ചിദാനന്ദ

Thursday 07 December 2023 12:26 AM IST

തിരുവനന്തപുരം: ചില പ്രത്യേക ജനവിഭാഗങ്ങൾക്ക് മാത്രം ഭരണത്തിൽ പങ്കാളിത്തമുള്ള

സാഹചര്യമാണ് നിലവിലുള്ളതെന്ന് ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ്

പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. വൈക്കം സത്യഗ്രഹ സമരസേനാനികളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈക്കം സത്യഗ്രഹം നടന്ന് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും അധഃസ്ഥിത പിന്നാക്ക ജനവിഭാഗങ്ങൾക്ക് അർഹിക്കുന്ന പുരോഗതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പഠനവിഷയമാണ്. അധഃസ്ഥിത വിഭാഗങ്ങൾ പിന്തള്ളപ്പെടുന്ന ദുരവസ്ഥമാറണം. എല്ലാ വിഭാഗത്തിനും തുല്യമായ സാമൂഹ്യനീതി ഉറപ്പാക്കാൻ കൂട്ടായ ശ്രമം ഉണ്ടാവണം.

28 ശതമാനം വരുന്ന ജനവിഭാഗങ്ങൾക്ക് ഒരു എം.എൽ.എ എന്ന സ്ഥിതി മാറണം.

ഭരണസിരാകേന്ദ്രങ്ങൾ തമ്പുരാൻ കോട്ടകളായി നിലനിൽക്കുകയാണ്.

വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ചരിത്രമെഴുതുന്നവർ ശ്രീനാരായണ ഗുരുദേവൻ, ടി.കെ. മാധവൻ എന്നിവരെ വിസ്മരിക്കുന്നു. ചരിത്ര കോൺഗ്രസ് നടക്കുന്ന സ്ഥലത്തെ ടി.കെ. മാധവൻ നഗർ എന്നു നാമകരണം ചെയ്തത് സ്വാഗതാർ ഹമാണ്. സത്യഗ്രഹത്തിന് ടി.കെ. മാധവന്റെ പ്രചോദന ശക്തി ഗുരുദേവനായിരുന്നു. മാധവന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് വൈക്കം സത്യഗ്രഹം വിജയിക്കാൻ കാരണമായത്. ശ്രീനാരായണഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയാണ് കേരളത്തിൽ നവോത്ഥാന പ്രവർത്തനങ്ങൾക്ക് കാരണമായത്. ആധുനിക കേരള സൃഷ്ടിക്ക് വൈക്കം സത്യഗ്രഹം നൽകിയ സംഭാവന അതുല്യമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിക്ക് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. അഞ്ചയിൽ രഘു, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.