ഗവർണർക്കെതിരെ മുഖ്യമന്ത്രി; അവിവേകികൾക്ക് തുടരാൻ കഴിഞ്ഞോ ?

Thursday 07 December 2023 4:26 AM IST

ഇരിങ്ങാലക്കുട : കേരളത്തിൽ മുൻപും അവിവേകികളെ വലിയ പദവികളിൽ കണ്ടിട്ടുണ്ട്. അവരുടെ നടപടികൾ തുടരാൻ അവർക്ക് കഴിഞ്ഞോ എന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. ഗവർണറെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനം.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചാൻസലർ സ്ഥാനം സംഘപരിവാർ കൊടുത്തതല്ല. നിയമസഭ കൊടുത്തതാണ്. ആ പദവി വഹിക്കുന്നയാൾ അതിന്റെ മാന്യതയും അന്ത:സത്തയും സൂക്ഷിക്കണം. നാട്ടിൽ അസ്വസ്ഥത സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിക്കുകയാണ്. എന്തിനും തയ്യാറായി ഇരിക്കുന്ന മനുഷ്യനാണ് ഗവർണർ.
ഗവർണർ സ്വന്തം ഇഷ്ടപ്രകാരം സെനറ്റിലേക്ക് ആളുകളെ നോമിനേറ്റ് ചെയ്തു. സർവകലാശാല നൽകുന്ന ലിസ്റ്റ് പ്രകാരമാണ് ഗവർണർ സെനറ്റ് അംഗങ്ങളെ നിയമിക്കേണ്ടത്. രാജ്ഭവനിലേക്ക് പ്രതിഷേധവുമായെത്തിയ വിദ്യാർത്ഥികൾ ചാൻസലറെ ഒരു കോളേജിലും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഗവർണറെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയായത് കൊണ്ട് സ്വാഭാവികമായും സംഘർഷമുണ്ടാകും. സമാധാനാന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. രാജ്യമാകെ അംഗീകരിക്കുന്ന ഒരു ചരിത്രകാരനെയടക്കം മോശമായി ചിത്രീകരിക്കാൻ ഗവർണർ തയ്യാറായതും അതുകൊണ്ടാണ്.