പലിശ കുറയുമോയെന്ന് നാളെ അറിയാം

Thursday 07 December 2023 12:24 AM IST

കൊച്ചി: റിസർവ് ബാങ്കിന്റെ മൂന്ന് ദിവസത്തെ ധന അവലോകന യോഗ തീരുമാനം നാളെ പ്രഖ്യാപിക്കും. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെങ്കിലും സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ ഇത്തവണയും മുഖ്യ പലിശ നിരക്കായ റിപ്പോയിൽ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ച് അവലോകന യോഗങ്ങളിലും മുഖ്യ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിരുന്നില്ല.

അതേസമയം അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകൾ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താൻ നടപടികൾ ആരംഭിക്കുന്നതിനാൽ റിസർവ് ബാങ്ക് ധന നയത്തിൽ മാറ്റത്തിന്റെ സൂചനയുണ്ടാകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

കഴിഞ്ഞ വർഷം മേയ് മാസത്തിനു ശേഷം നാണയപ്പെരുപ്പം നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് തുടർച്ചയായി ആറ് തവണയായി റിപ്പോ നിരക്ക് 2.5 ശതമാനം വർദ്ധിപ്പിച്ചത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത, വാണിജ്യ വായ്പകളുടെ പലിശ നിരക്ക് രണ്ട് മുതൽ അഞ്ച് ശതമാനം വരെയാണ് കൂടിയത്. വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞതോടെ അടുത്ത വർഷം മാർച്ചിന് ശേഷം പലിശ കുറയുമെന്നാണ് പ്രതീക്ഷ.