കേരളത്തിൽ ആയുർവേദത്തിന് ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് പരിഗണനയിൽ
തൃശൂർ: കേരളത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ തുടങ്ങുന്നത് പരിഗണനയിലാണെന്ന് കേന്ദ്രആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ. സംസ്ഥാന സർക്കാർ പ്രൊപ്പോസൽ സമർപ്പിക്കുകയാണെങ്കിൽ കേന്ദ്ര ആയുഷ് മന്ത്രാലയം ഇത് നടപ്പിലാക്കാൻ തയ്യാറാണ്. രാജ്യസഭയിൽ ഡോ.വി.ശിവദാസൻ എം.പി ഈ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇടുക്കിയിൽ തുടങ്ങാനിരിക്കുന്ന ഗവ. ആയുർവേദ മെഡിക്കൽ കോളേജ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയായി ഉയർത്താനാകും. അതുവഴി കൂടുതൽ ഗ്രാന്റുകൾ ലഭിക്കും. 100 കോടിയോളം കേന്ദ്ര ഫണ്ട് ലഭിക്കുമെന്നാണ് കരുതുന്നത്. ജൈവവൈവിദ്ധ്യത്താൽ സമൃദ്ധമായ ഇടുക്കിയെ ഇക്കോ ടൂറിസം സെന്ററും ഗവേഷണകേന്ദ്രവുമാക്കി മാറ്റാനുമാകും. വിദേശ പണമെത്താനും വഴിയൊരുങ്ങും.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആയുർവേദ മേഖലയിൽ കൂടുതൽ തുക ചെലവഴിക്കുന്നത് കേരളമാണ്. ഗോവയിൽ നിലവിലുള്ള എൻ.ഐ.എ ഡൽഹി എൻ.ഐ.എയുടെ ശാഖയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയ്ക്കായി കേരളം പദ്ധതി സമർപ്പിക്കാത്തത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ആയുഷ് മന്ത്രി വേണം
കേരളത്തിൽ ആയുഷ് വിഭാഗം കൈകാര്യം ചെയ്യുന്നത് ആരോഗ്യവകുപ്പാണ്. മറ്റെല്ലാ വൈദ്യശാസ്ത്ര മേഖലയിലുമുള്ള പ്രവർത്തനം നടക്കുന്നതിനാൽ ആരോഗ്യവകുപ്പിന് ആയുഷ് പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ലഭിക്കുന്നില്ല. ആയുർവേദത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ സംസ്ഥാനത്ത് സ്വതന്ത്രചുമതലയുള്ള ആയുഷ് മന്ത്രി ഉണ്ടായാൽ കേരളത്തിൽ ഔഷധസസ്യക്കൃഷിക്ക് പുതിയ പദ്ധതികളുണ്ടാക്കാനാകും.
കേരളത്തിൽ 650ആയുർവേദ നിർമ്മാതാക്കൾ
രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ്: 20,000
ഗവ.ആയുർവേദ ഡിസ്‌പെൻസറികൾ: 815
സ്വകാര്യമേഖലയിൽ : 2000
ഗവ.ആയുർവേദ കോളേജ്: 3
സ്വകാര്യമേഖലയിൽ: 15
ലോകനിലവാരമുള്ള റിസോർട്ടുകൾ: 30
കേന്ദ്ര ആയുഷ് വകുപ്പിന്റെ ഗവേഷണസ്ഥാപനങ്ങൾ: 2 (ചെറുതുരുത്തി, തിരുവനന്തപുരം)
ഇക്കാര്യം ആവശ്യപ്പെട്ട് നവകേരള സദസിൽ നിവേദനം നൽകിയിരുന്നു. വിശദമായ പ്രൊപ്പോസൽ കേന്ദ്ര ആയുഷ് മന്ത്രാലത്തിന് സമർപ്പിക്കണം. കേന്ദ്ര ബഡ്ജറ്റിൽ ഈ വിഷയം അവതരിപ്പിക്കണം.
ഡോ. ഡി. രാമനാഥൻ
ജനറൽ സെക്രട്ടറി
ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ.