അനുപമയും കുടുംബവും അകത്തായതോടെ പുലിവാല് പിടിച്ചത് ഫാമിലെ ജീവനക്കാരി; സർക്കാരിനോട് അപേക്ഷയുമായി നാട്ടുകാർ

Thursday 07 December 2023 12:20 PM IST

ചാത്തന്നൂർ: പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പത്മകുമാറിന്റെ ചിറക്കരയിലെ ഫാമിലെ വളർത്തുമൃഗങ്ങളുടെ ചെലവ് താങ്ങാനാകാതെ ജീവനക്കാരി. പത്മകുമാർ തമിഴ്നാട്ടിലേക്ക് കടന്നത് മുതൽ ഫാമിലെ ചെലവ് പൂർണമായും വഹിക്കുന്നത് ജീവനക്കാരിയാണ്. നിർദ്ധന കുടുംബാംഗമായ തനിക്ക് ഇനി ചെലവ് താങ്ങാനാകില്ലെന്ന് ജീവനക്കാരി പറയുന്നു.

പത്മകുമാറിന്റെ മകൾ അനുപമയും മൃഗസ്‌നേഹിയാണ്. അടുത്തിടെ തെരുവുപട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ ധനസമാഹരണം നടത്താനും അനുപമ ശ്രമിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നായയുമായുള്ള ചിത്രങ്ങളും അനുപമ പങ്കുവയ്ക്കാറുണ്ട്. www.anupamapathman.com എന്ന വെബ്‌സൈറ്റിൽ നായകളെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. താൻ ഒരു മൃഗ സ്‌നേഹിയാണെന്നും തന്റെ വീട്ടിൽ പൂച്ചകളും നായകളും കോഴികളുമുണ്ടെന്നാണ് അനുപമ വെബ്‌സൈറ്റിൽ കുറച്ചിരിക്കുന്നത്.

ഞങ്ങളുടെ കുടുംബത്തിൽ 27 നായ്ക്കളുണ്ടെന്നും കുട്ടിക്കാലം മുതൽ നായകളുടെ കൂടെയാണ്. അതുകൊണ്ട് തന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് നായകളെന്നും അനുപമ വെബ്‌സൈറ്റിൽ കുറിച്ചിരുന്നു. ഈ വെബ്‌സൈറ്റിലൂടെയാണ് അനുപമ തെരുവുനായ്ക്കൾക്ക് വേണ്ടിയുള്ള ധനസമാഹരണം നടത്തിയത്.

അതേസമയം, ആറരയേക്കറോളം വിശാലമായ ഫാമിൽ 6 പശുക്കളും 16 ഓളം നായകളും 20 ഫാൻസി കോഴികളുമുണ്ട്. പശുക്കൾക്ക് മാത്രം ദിവസം ആയിരം രൂപയുടെ തീറ്റി കുറഞ്ഞത് വേണം. കൂലി കൃത്യമായി ലഭിക്കാറില്ലെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ഷീബ ജോലി തുടരുകയാണ്. പത്മകുമാർ പുറത്തിറങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. അതുവരെ വളർത്തുമൃഗങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ കേസിൽ ഉൾപ്പെട്ടയാളുടേത് ആയതിനാൽ പൊലീസ് രേഖമൂലം ആവശ്യപ്പെടാതെ ഇടപെടാനാകില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.