മറ്റുള്ള ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം എന്തുകൊണ്ട് മികച്ചതാകുന്നു എന്നതിന് ഒരു കാരണം കൂടി

Thursday 07 December 2023 1:00 PM IST

തിരുവനന്തപുരം: ലോകത്തിൽ ആകർഷണീയമായി വളരുന്ന 24 ടെക് നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും ഉൾപ്പെട്ടതിൽ കാലാവസ്ഥയും ഉയർന്ന ജീവിതനിലവാരവും കാരണമായെന്ന് ഐ.ടി വിദഗ്ദ്ധർ. നെതർലൻഡ്‌സ് ആസ്ഥാനമായ കൺസൾട്ടിംഗ് സ്ഥാപനമായ ബി.സി.ഐ ഗ്ലോബൽ നടത്തിയ സർവേയിലാണ് തലസ്ഥാനം ഇടംപിടിച്ചത്. സോഫ്റ്റ്‌വെയർ വികസനത്തിനും മറ്റു നിക്ഷേപങ്ങൾക്കും അനുകൂലമായ നഗരങ്ങളെ കണ്ടെത്തുന്നതായിരുന്നു ലക്ഷ്യം.കഴിഞ്ഞമാസം ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം,യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിലോയ്റ്റി എന്നീ കമ്പനികൾ നടത്തിയ പഠനത്തിലും തലസ്ഥാനം ഉൾപ്പെട്ടിരുന്നു.

സംരംഭക സൗഹൃദാന്തരീക്ഷവും അടിസ്ഥാനസൗകര്യ വികസനവും നേട്ടത്തിന് വഴിതെളിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് പുറമേ ക്ലൗഡ് കമ്പ്യൂട്ടിംഗ്,മെഷീൻ ലേർണിംഗ്,ബിഗ്ഡേറ്റ,ബ്ലോക്ക് ചെയിൻ ടെക്നോളജി,നിർമ്മിതബുദ്ധി എന്നീ രംഗങ്ങളിലെ സ്റ്റാർട്ടപ്പുകളിലും വർദ്ധനയുണ്ടായി. ടെക്നോപാർക്കിന്റെ പള്ളിപ്പുറത്തെ നാലാമത്തെ ഫേസായ ടെക്നോസിറ്റിയിൽ 1000 സ്റ്റാർട്ടപ്പുകളെ ഉൾക്കൊള്ളുന്ന സ്റ്റാർട്ടപ്പ് ഹബ് വരുന്നതും കുതിപ്പിന് കാരണമായി.

വിദേശ കമ്പനികളും 'പ്ലസ്'

ജപ്പാനിലെ നിസാൻ,അമേരിക്കയിലെ ടോറസ് കമ്പനികളുടെ സാന്നിദ്ധ്യം തിരുവനന്തപുരത്തിന്റെ ഐ.ടി സാദ്ധ്യതകൾക്ക് ലോകശ്രദ്ധ നേടാൻ സഹായകമായി

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 100ലേറെ കമ്പനികൾ മറ്റ് നഗരങ്ങളിൽ നിന്ന് തലസ്ഥാനത്തേക്ക് ചേക്കേറി

തിരുവനന്തപുരം കൂടാതെ ഇന്ത്യയിൽ നിന്ന് കൊൽക്കത്ത മാത്രമാണ് പട്ടികയിലുള്ളത്

അന്താരാഷ്ട്ര വിമാനത്താവളം, ഡിജിറ്റൽ ഹബ്ബുകളുടെയും സോഫ്റ്റ്‌വെയർ കമ്പനികളുടെയും സാന്നിദ്ധ്യം, ഹൈവേകൾ തുടങ്ങിയവയാണ് പഠനത്തിനായി തിരഞ്ഞെടുക്കാൻ നഗരങ്ങൾക്കുവേണ്ട യോഗ്യത

ഇംഗ്ലീഷ് സംസാരശേഷി,ആകർഷകമായ നിരക്കുകൾ എന്നിവ കാരണമാണ് കൊൽക്കത്ത പട്ടികയിൽ ഇടംനേടിയത്