ദിലീപിന് കനത്ത തിരിച്ചടി; അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു, മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം

Thursday 07 December 2023 2:10 PM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ജില്ല സെഷൻസ് ജഡ്ജി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് അന്വേഷണ ഏജൻസികളുടെ സഹായമോ തേടാമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തണം. അതിജീവിതയുടെ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് അതിജീവിത ഹർജിയിലൂടെ ആവശ്യപ്പെട്ടത്. മെമ്മറി കാർഡ് മൂന്നുതവണ അനധികൃതമായി പരിശോധിച്ചതിന് കാരണമായ സാഹചര്യം സംബന്ധിച്ച് അന്വേഷണത്തിനായാണ് നടി കോടതിയിൽ ഹർജി സമർപ്പിച്ചത്.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷനും ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്ക് ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പാക്കണമെന്നാണ് പ്രോസിക്യൂഷൻ ഹ‌ർജിയിലൂടെ ആവശ്യപ്പെട്ടത്.

എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടെങ്കിലും അതിലെ ദൃശ്യങ്ങൾക്ക് കേടുപാടില്ലെന്ന് ഫോറൻസിക് പരിശോധനാ റിപ്പോർട്ടിലുണ്ടെന്നാണ് നടൻ ദിലീപ് കോടതിയിൽ വാദിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റമില്ല. ദൃശ്യങ്ങളിൽ മാറ്റമില്ലെന്നിരിക്കെ ഇത് എങ്ങനെയാണ് അന്വേഷിക്കുന്നത്? കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്. ഇതനുവദിക്കരുതെന്നും നടൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പരിശോധനാ ഫലത്തിൽ മൂന്നു തവണ ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണക്കോടതി, ജില്ലാ കോടതി എന്നിവിടങ്ങളിൽ ഇരിക്കുമ്പോഴാണ് ഹാഷ് വാല്യു മാറിയത്. മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ലെന്ന വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

Advertisement
Advertisement