'ജാതിക്കതീതമായി ഉറച്ച നിലപാട് എടുത്തേ മതിയാകൂ'; ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതികരിച്ച് സുരേഷ് ഗോപി

Thursday 07 December 2023 2:44 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. ഷഹന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. നമ്മുടെ മക്കളുടെ നല്ല ഭാവിക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീയാണ് ധനമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

പോസ്റ്റിന്റെ പൂർണരൂപം

ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ.

നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി,

സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം.

Dr Shahana ജീവിക്കണം. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS

അതേസമയം, ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് പൊലീസാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. പുലർച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്.

Advertisement
Advertisement