'കൊഹ്‌ലിക്ക്‌ 100 സെഞ്ച്വറി തികയ്ക്കാനാകില്ല, ഭാവിയില്‍ ശുഭ്മാന്‍ ഗില്‍ ക്രിക്കറ്റിനെ ഭരിക്കും'; കാരണസഹിതം വ്യക്തമാക്കി ബ്രയാന്‍ ലാറ

Thursday 07 December 2023 8:18 PM IST

ട്രിനിഡാഡ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് മൈതാനത്ത് സ്ഥാപിച്ച പല ബാറ്റിംഗ് റെക്കാഡുകളും തകര്‍ത്തുകൊണ്ടിരിക്കുകയാണ് വിരാട് കൊഹ്‌ലി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാക്ഷാല്‍ സച്ചിന്‍ തന്നെ കൊഹ്‌ലി തന്റെ റെക്കാഡുകള്‍ തകര്‍ക്കുമെന്ന് പ്രവചിച്ചിട്ടുമുണ്ട്. എന്നാല്‍ 100 അന്താരാഷ്ട്ര സെഞ്ച്വറികള്‍ എന്ന സച്ചിന്റെ നാഴികകല്ല് കൊഹ്‌ലി മറികടക്കില്ലെന്ന് പറയുകയാണ് ഇതിഹാസ താരം ബ്രയാന്‍ ലാറ.

കഴിഞ്ഞ മാസം സമാപിച്ച ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു കൊഹ്‌ലി. ഒരു ലോകകപ്പ് എഡിഷനില്‍ 700 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി താരം മാറിയിരുന്നു. അതോടൊപ്പം തന്നെ ഒരു എഡിഷനിലെ ഏറ്റവും അധികം റണ്‍സ് എന്ന സച്ചിന്റെ 2003ലെ റെക്കാഡും താരം മറികടന്നിരുന്നു. ഏകദിനത്തില്‍ 50 സെഞ്ച്വറി നേടുന്ന ആദ്യ താരമാകാനും കിംഗ് കൊഹ്‌ലിക്ക് കഴിഞ്ഞു.

കൊഹ്‌ലി മികച്ച താരമാണെങ്കിലും നൂറ് സെഞ്ച്വറികള്‍ തികയ്ക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കാനുള്ള കാരണവും ലാറ വെളിപ്പെുത്തി. കോലിക്ക് 35 വയസ് പിന്നിട്ടിരിക്കുന്നു. നിലവില്‍ അദ്ദേഹത്തിന് 80 സെഞ്ച്വറികളുണ്ട്. ഇനി ഒരു 20 എണ്ണം എന്ന് പറയുന്നത് അത്ര എളുപ്പമല്ല. നോക്കൂ പ്രായം ആര്‍ക്ക് വേണ്ടിയും കാത്തുനില്‍ക്കുകയോ നിശ്ചലമാകുകയോ ചെയ്യില്ല- ലാറ പറഞ്ഞു.

നാല് വര്‍ഷം കൂടി ക്രിക്കറ്റ് മൈതാനത്ത് ഇതേ ഫോമില്‍ തുടര്‍ന്നാല്‍ മാത്രമേ 100 സെഞ്ചറികള്‍ അടിക്കാന്‍ കഴിയുകയുള്ളൂ. അസാദ്ധ്യമാണെന്ന് അല്ല മറിച്ച് വലിയ ബുദ്ധിമുട്ടാണ് അത് സംഭവിക്കാന്‍ എന്നാണ് വ്യക്തിപരമായി തോന്നുന്നത്. പല താരങ്ങളും കരിയറില്‍ ആകെ നേടുക 20 സെഞ്ച്വറികളാണ്. അവിടെയാണ് കൊഹ്‌ലിക്ക് പ്രായം വെല്ലുവിളിയാകുകയെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

കൊഹ്‌ലിയുടെ ഫിറ്റ്‌നെസിന്റെ വലിയ ആരാധകനാണ് താനെന്നും യുവതാരങ്ങള്‍ അക്കാര്യത്തില്‍ കൊഹ്‌ലിയുടെ പ്രയത്‌നത്തേയും അര്‍പ്പണബോധത്തേയും മാതൃകയാക്കണമെന്നും ലാറ പറഞ്ഞു. ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനേയും അദ്ദേഹം പുകഴ്ത്തി. ഭാവിയില്‍ ക്രിക്കറ്റിനെ ഭരിക്കാന്‍ പോകുന്ന ബാറ്റര്‍ എന്നാണ് 23കാരനെ ലാറ വിശേഷിപ്പിച്ചത്.

ഇപ്പോഴത്തെ യുവതാരങ്ങളില്‍ ഏറ്റവും മികച്ചവന്‍ ഗില്‍ ആണെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ റെക്കാഡായ 400 എന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ മറികടക്കാന്‍ സാദ്ധ്യത ഗില്ലിനാണെന്നും ലാറ പറയുന്നു.