നേട്ടങ്ങളും ആവശ്യങ്ങളും നിരത്തി ആദ്യ ദിനം
അങ്കമാലി: നേട്ടങ്ങൾ ചൂണ്ടികാട്ടിയും പുതിയ ആവശ്യങ്ങൾ നിരത്തിയും നവകേരള സദസിന്റെ ഭാഗമായി നടന്ന ജില്ലയിലെ ആദ്യ ദിനത്തിലെ പൗരപ്രമുഖരുടെ സംഗമം ശ്രദ്ധേയമായി. ചർച്ചയിൽ പങ്കെടുത്തവരെല്ലാം അഭിന്ദനങ്ങൾ ചൊരിഞ്ഞപ്പോഴും ആവശ്യങ്ങൾ ഉന്നയിച്ചപ്പോഴുമെല്ലാം ക്ഷമയോടെ കേട്ടിരുന്ന മുഖ്യമന്ത്രി എല്ലാത്തിനും അക്കമിട്ട് മറുപടി നൽകി.
സീപോർട്ട് - എയർപോർട്ട് വേഗത്തിൽ പൂർത്തിയാക്കുകയെന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തോട്ടുമുഖം സീപോർട്ട് - എയർപോർട്ട് റോഡ് പൗരസമിതി ജനറൽ കൺവീനർ പി.എസ്. അബ്ദുൾ നാസറാണ് വിഷയം ഉന്നയിച്ചത്. എച്ച്.എം.ടി മുതൽ മഹിളാലയം വരെ ആറര കിലോ മീറ്ററാണ് രണ്ടാംഘട്ടത്തിൽ നിർമ്മിക്കേണ്ടത്.
ആലുവ നഗരസഭയെയും നെടുമ്പാശേരി ഗ്രാമപഞ്ചായത്തിനെയും ഉൾപ്പെടുത്തി കോർപ്പറേഷൻ രൂപീകരിക്കണമെന്ന നിർദ്ദേശം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ല. പിന്നീട് സാഹചര്യമനുസരിച്ച് പരിഗണിക്കാം. എഡ്രാക്ക് ജില്ലാ സെക്രട്ടറി കെ. ജയപ്രകാശാണ് വിഷയം ഉന്നയിച്ചത്.
പറവൂരിലെ വികസന മുരടിപ്പ് സംബന്ധിച്ച ഉയർന്ന ആക്ഷേപം പിന്നീട് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണനാണ് വിഷയം ഉന്നയിച്ചത്.
ഫാം ഹൗസുകൾക്ക് കെട്ടിട നികുതി ഒഴിവാക്കണമെന്ന് അങ്കമാലി നവ്യ ഫാം ഹൗസ് ഉടമ ജിജി ബിജു ആവശ്യപ്പെട്ടു. ചെറിയ പശുത്തൊഴുത്തുകൾക്ക് നികുതി ഈടാക്കാറില്ലെന്നും വലിയ കെട്ടിടങ്ങൾക്കാണ് നികുതി ചുമത്തുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ലോകത്ത് ഒരിടത്തുമില്ലാത്ത പ്രവർത്തനമാണ് നവകേരള സദസിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും നടപ്പാക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ പറഞ്ഞു.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഡോ. ഏലിയാസ് മാർ അത്താനിയോസ്, എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ, പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, ജോസ് മാവേലി എന്നിവർ ഉൾപ്പെടെ ആലുവ, അങ്കമാലി, പറവൂർ നിയോജക മണ്ഡലങ്ങളിൽ നിന്നായി ക്ഷണിക്കുപ്പെട്ട 180 പേരാണാണ് സംഗമത്തിൽ പങ്കെടുത്തത്.