അങ്കമാലിയിൽ മുഖ്യ ചർച്ചയായി ഗിഫ്റ്റ് സിറ്റി

Friday 08 December 2023 12:05 AM IST

അങ്കമാലി: മണ്ഡലത്തിലെ നവകേരള സദസിൽ അയ്യമ്പുഴയിലെ നിർദിഷ്ട ഗിഫ്റ്റ് സിറ്റി പ്രധാന ചർച്ചയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ അഭിമാന പദ്ധതിയായ ഗിഫ്റ്റ് സിറ്റി എങ്ങുമെത്തിയില്ലെന്ന് റോജി എം. ജോൺ എം.എൽ.എ വിമർശിച്ചിരുന്നു. ഇതിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

ഗിഫ്റ്റ് സിറ്റിക്ക് അങ്കമാലി മണ്ഡലം തിരഞ്ഞെടുത്തത് രാഷ്ട്രീയം നോക്കിയല്ലെന്ന് പിണറായി പറഞ്ഞു. കേരളത്തിനാകെ പ്രയോജനപ്പെടുന്ന ആകർഷക പദ്ധതിയാണിത്. സ്ഥലമെടുപ്പ് അതിവേഗം സുഗമമായി പുരോഗമിക്കുകയാണ്. സർക്കാർ 840 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി ആവശ്യമാണ്. അതിന് സർക്കാർ അപേക്ഷിച്ചിട്ടുണ്ട്. കുറച്ചു വൈകിയാണെങ്കിലും അനുമതി ലഭ്യമാകും. വിജ്ഞാനാധിഷ്ടിത പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു.