നടിയെ ആക്രമിച്ച കേസ് , കോടതി സൂക്ഷിച്ച മെമ്മറി കാർഡ് , പരിശോധിച്ചത് സംശയാസ്‌പദം

Friday 08 December 2023 4:03 AM IST

അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി:നടൻ ദിലീപ് ആരോപണ വിധേയനായ, നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വിചാരണക്കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ, അനധികൃതമായി പരിശോധിച്ചതും വിവരങ്ങൾ ചോർന്നതും സമഗ്രമായി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ഇതിന് പൊലീസിന്റെ അടക്കം സഹായം തേടാമെന്നും ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. അന്വേഷണത്തിൽ അസ്വാഭാവികത കണ്ടാൽ നടപടിയെടുക്കണം. ഇത് നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുന്നില്ലെന്നും ഉറപ്പാക്കണം.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ചത് അന്വേഷിക്കണമെന്ന അതിജീവിതയുടെ ഹർജിയിലാണ് ഉത്തരവ്. ദൃശ്യങ്ങൾ ചോരുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു. അതിജീവിതയ്‌ക്ക് കാര്യങ്ങൾ രേഖാമൂലം ജില്ലാ ജഡ്ജിയെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.


ദൃശ്യങ്ങൾ ചോർത്തി :അതിജീവിത

കോടതിയിൽ സൂക്ഷിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കാണുകയും പകർത്തുകയും കൈമാറുകയും ചെയ്തു
ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെടാം, ദുരുപയോഗപ്പെടുത്താം

ഇരയെ സംരക്ഷിച്ചില്ല

ഇരയുടെ വൈകാരികവും മാനസികവുമായ ബുദ്ധിമുട്ട് ചിന്തയ്ക്കതീതമാണെന്നും ഇരയുടെ സ്വകാര്യത സംരക്ഷിച്ചില്ലെന്നും കോടതി പറഞ്ഞു. 2018 ജനുവരി 9 രാത്രി 9.58 നും ഡിസംബർ 13ന് രാത്രി 10.58നും മെമ്മറി കാർഡ് പരിശോധിച്ചത് അനധികൃതമായാണ്. 2021 ജൂലായ് 19 പകൽ 12.19ന് നടത്തിയ പരിശോധനയിലും സംശയമുണ്ട്. കോടതിയിൽ സൂക്ഷിച്ച മെമ്മറി കാർഡ് ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന കമ്പ്യൂട്ടറുമായി മൂന്ന് തവണ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം കാരണം മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി തിരുവനന്തപുരം ഫോറൻസിക് ലാബിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു

നിർദ്ദേശങ്ങൾ
ഇത്തരം രേഖകൾ ലൈംഗികത പ്രകടമാകുന്ന വസ്തുക്കളാണെന്ന് രേഖപ്പെടുത്തി ലോക്കറിൽ സൂക്ഷിക്കണം.

കോടതിയിലേക്കു കൊണ്ടുപോകുമ്പോൾ മാത്രം പുറത്തെടുക്കണം

ലോക്കറിൽ നിന്ന് എടുക്കുന്നത് ജുഡിഷ്യൽ ഓഫീസറുടെ സാന്നിദ്ധ്യത്തിലാകണം.

ലൈംഗികത അടങ്ങിയ രേഖയുടെ പകർപ്പ് എടുക്കാൻ അനുവദിക്കരുത്. കോടതി ഉത്തരവുണ്ടെങ്കിൽ പ്രതിഭാഗത്തിന് ദൃശ്യങ്ങൾ കാണാം. പകർത്താനോ നശിപ്പിക്കാനോ പാടില്ല. വീഡിയോ ആരൊക്കെ കണ്ടെന്ന് രേഖപ്പെടുത്തണം
കേസ് അവസാനിപ്പിച്ച ശേഷം ഇലക്ട്രോണിക് രേഖകൾ നശിപ്പിക്കണം

 അന്വേഷണം കോടതിയുടെ മേലുള്ള കരിനിഴൽ നീക്കും.

Advertisement
Advertisement