'നീയാണല്ലോ സുപ്രീം കോടതി, ദൈവം പോലും നിന്നോട് ക്ഷമിക്കില്ല'; ഗംഭീറിന്റെ പോസ്റ്റില്‍ ശ്രീശാന്തിന്റെ കമന്റ്‌

Thursday 07 December 2023 10:20 PM IST

സൂറത്ത്: ലെജന്‍ഡ്‌സ് ലീഗ് കപ്പില്‍ പരസ്പരം വാക്‌പോരിലേര്‍പ്പെട്ടതിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് ശ്രീശാന്ത് രംഗത്ത്. എല്ലാം കാണുന്ന ദൈവം പോലും നിന്നോട് ക്ഷമിക്കില്ലെന്നും സുപ്രീം കോടതിക്ക് മുകളിലാണോ ഗംഭീറെന്നും ശ്രീശാന്ത് ചോദിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഗൗതം ഗംഭീറിന്റെ പോസ്റ്റിന് താഴെ കമന്റ് ഇട്ടാണ് ശ്രീയുടെ വിമര്‍ശനം.

സൂറത്തിലെ ലാല്‍ഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇരുവരും നേര്‍ക്കുനേര്‍വന്നത്. സഹതാരങ്ങളും അമ്പയര്‍മാരും ഇടപെട്ടാണ് ഇരുവരേയും പിന്തിരിപ്പിച്ചത്. ഇന്ത്യാ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്സും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള വാക്‌പോര്.

തന്റെ ബൗളിംഗില്‍ ഒരു സിക്‌സും ഫോറും അടിച്ചതിന് പിന്നാലെ ഗംഭീറിനെ ശ്രീശാന്ത് തുറിച്ച് നോക്കിയിരുന്നു. ഇതില്‍ പ്രകോപിതനായ ഗംഭീര്‍ ശ്രീയെ വാതുവെപ്പുകാരന്‍ എന്ന് ആവര്‍ത്തിച്ച് വിളിക്കുകയായിരുന്നു. ഒപ്പം അസഭ്യ പരാമര്‍ശം നടത്തിയെന്നും മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ശ്രീശാന്ത് ആരോപിച്ചിരുന്നു.

'ഒരു കായികതാരം, സഹോദരന്‍ അതിനെല്ലാമുപരി ഒരു ജനപ്രതിനിധി എന്ന നിലയില്‍ മര്യാദയുടെ എല്ലാ സീമയും ലംഘിക്കുന്നതാണ് താങ്കളുടെ പ്രവര്‍ത്തി. ഇപ്പോഴും മറ്റ് ക്രിക്കറ്റ് താരങ്ങളുമായി അനാവശ്യ വഴക്ക് ഉണ്ടാക്കുന്ന താങ്കളുടെ യഥാര്‍ത്ഥ പ്രശ്‌നം എന്താണ്?

താങ്കള്‍ ദേഷ്യപ്പെട്ടപ്പോള്‍ അതിനെ ചിരിയോടെ മാത്രമാണ് ഞാന്‍ നേരിട്ടത്. അപ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് താങ്കള്‍ എന്നെ ഫിക്‌സര്‍ എന്ന് വിളിച്ചത്. താങ്കള്‍ സുപ്രീം കോടതിക്ക് മുകളിലാണോ? താങ്കള്‍ക്ക് വായില്‍തോന്നുന്ന എന്തും വിളിച്ച് പറയാമെന്നാണോ കരുതുന്നത്. അമ്പയര്‍മാരോട് പോലും താങ്കള്‍ മോശമായി പെരുമാറുന്നു.

താങ്കളെ പിന്തുണയ്ക്കുന്നവരുടെ പോലും സ്‌നേഹത്തിനും ബഹുമാനത്തിനും അര്‍ഹതയില്ലാത്ത നിലവാരമില്ലാത്ത ഒരു മനുഷ്യനാണ് നിങ്ങള്‍. ഇന്നലെ വരെ താങ്കളോടും കുടുംബത്തോടും എനിക്ക് വലിയ ബഹുമാനമായിരുന്നു. എന്നാല്‍ തരംതാഴ്ന്ന വാക്കുകളാണ് താങ്കള്‍ ഉപയോഗിച്ചത്.

ഞാന്‍ അനുഭവിച്ച കാര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന അവസ്ഥ മനസ്സിലാക്കുന്ന ആരും താങ്കളോട് ക്ഷമിക്കില്ല. പറഞ്ഞത് എന്താണെന്നും ചെയ്തത് തെറ്റാണെന്നും നിങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് ആണ് സംഭവത്തിന് ശേഷം നിങ്ങള്‍ ഗ്രൗണ്ടില്‍പ്പോലും വരാത്തത്. ദൈവം എല്ലാം കാണുന്നുണ്ട്. ദൈവം നിങ്ങളോട് ക്ഷമിക്കില്ല'.- ശ്രീശാന്ത് കമന്റ് ചെയ്തു.