പ്രൊഫഷണലുകൾക്കായി അധിക സീറ്റിന് എ.ഐ.സി.ടി.ഇ നിർദ്ദേശം

Friday 08 December 2023 12:00 AM IST

ന്യൂഡൽഹി : വർക്കിംഗ് പ്രൊഫഷണലുകൾക്കായി ബി.ടെക്, എം.ടെക്, ഡിപ്ളോമ കോഴ്സുകൾ ആരംഭിക്കാൻ അനുമതി നൽകിയതിന്റെ ചുവടു പിടിച്ച്, മാനേജ്മെന്റ്, ഡിസൈൻ, അപ്ളൈഡ് ആർട്സ്, പ്ളാനിംഗ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളുള്ള സ്ഥാപനങ്ങളിൽ പ്രൊഫഷണലുകൾക്കായി അധിക സീറ്റ് അനുവദിക്കാൻ തീരുമാനം. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) 2024-27ലെ അപ്രൂവൽ ഹാൻഡ് ബുക്കിലാണ് ഇൗ നിർദ്ദേശം.

ഡിപ്ളോമ, ബിരുദ, പി.ജി കോഴ്സുകൾ എ.ഐ.സി.ടി.ഇയുടെ അഫിലിയേഷനുള്ള ഏത് സ്ഥാപനത്തിനും ആരംഭിക്കാം. ഡിപ്ളോമയ്ക്ക് 60, ബിരുദത്തിന് 30, പി.ജിക്ക് 15സീറ്റ് വീതമാണ് അധികമായി അനുവദിക്കുക. അങ്ങനെയാകുമ്പോൾ, ബി.ബി.എ, ബി.സി.എ, എ.ബി.എ,, എം.സി.എ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ ജോലിയുള്ളവർക്ക് പഠിക്കാനാകും.

സ്ഥാപനത്തിന്റെ തീരുമാനമനുസരിച്ചാണ് വർക്കിംഗ് പ്രൊഫഷനുകൾക്ക് ക്ളാസ്. ഒാഫീസ് സമയത്തിന് ശേഷവും ക്ളാസ് നടത്താം.

റഗുലർ കോഴ്സ് ഘടനയായിരിക്കും. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടും. റഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ബിരുദം തന്നെയാകും ലഭിക്കുക.

പ്രവർത്തനമാരംഭിച്ച് പത്തുവർഷമായതും എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ഉൾപ്പെട്ടതും പകുതി കോഴ്സുകൾക്കെങ്കിലും എൻ.ബി.എ അക്രഡിറ്റേഷനുള്ളതുമായ ഒാട്ടോണമസ് സ്ഥാപനങ്ങൾക്ക് ഓഫ് ക്യാമ്പസ് സെന്റർ ആരംഭിക്കാനും എ.ഐ.സി.ടി.ഇ അനുമതി നൽകി. കഴിഞ്ഞ അഞ്ചുവർഷം ആകെയുള്ള സീറ്റിൽ 80 ശതമാനത്തിലും വിദ്യാർത്ഥികൾ പ്രവേശനം നേടിയിരിക്കുകയും വേണം.

Advertisement
Advertisement