അണ്ണന്മാർ മൂത്തിട്ടും തമ്മിലടി മറന്നില്ല
സൂറത്ത് : ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന കാലത്തേ എതിർ ടീമംഗങ്ങളോടും സഹതാരങ്ങളോടും വഴക്കുണ്ടാക്കുന്നതിൽ മോശക്കാരായിരുന്നില്ല ഗൗതം ഗംഭീറും എസ്.ശ്രീശാന്തും. ഇരുവരും വിരമിച്ച് വെറ്ററൻമാരുടെ ടൂർണമെന്റിൽ കളിക്കുമ്പോഴും ആ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല. കഴിഞ്ഞ ദിവസം സൂറത്തിൽ നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും നേർക്കുനേർവന്ന് അടിയുടെ വക്കോളമെത്തി. ഇന്ത്യാ ക്യാപ്പിറ്റൽസും ഗുജറാത്ത് ജയന്റ്‌സും തമ്മിലുള്ള എലിമിനേറ്റർ മത്സരത്തിനിടെയായിരുന്നു ഇവരുടെ പഴയ സ്വഭാവം പുറത്തുവന്നത്.
മത്സരത്തില്‍ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറിൽ ഇരുവരും ഉടക്ക് തുടങ്ങി. ആദ്യ പന്തിൽ ശ്രീശാന്തിനെ ഗംഭീർ സിക്സും തുടർന്ന് ഫോറുമടിച്ചു. മൂന്നാം പന്തിൽ റൺസ് നേടാൻ കഴിഞ്ഞില്ല. എന്നാൽ ഈ പന്തിന് ശേഷം ശ്രീശാന്ത് ഗംഭീറിന് നേർക്ക് തുറിച്ചുനോക്കി. ഗംഭീറും വിട്ടുകൊടുത്തില്ല. അങ്ങനെതന്നെ രൂക്ഷമായി നോക്കിയശേഷം എന്തോ പറഞ്ഞു.ഇതോടെ ശ്രീശാന്ത് ഗംഭീറിനടുത്തേക്ക് കയർത്തുകൊണ്ട്ചെല്ലാൻ ശ്രമിച്ചു. അമ്പയർമാരും സഹതാരങ്ങളും ചേർന്ന് ബലം പ്രയോഗിച്ചാണ് ശ്രീയെ തടഞ്ഞുനിറുത്തിയത്. ശ്രീശാന്തിനെ വാതുവയ്പ്പുകാരൻ എന്ന് വിളിച്ച് ഗംഭീർ കളിയാക്കിയതാണ് പ്രശ്നകാരണമെന്നാണ് സഹതാരങ്ങൾ പറയുന്നത്.
മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ശ്രീശാന്ത് ഗംഭീറിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. സഹതാരങ്ങളുമായി എപ്പോഴും വഴക്കിടുന്ന ഒരാളാണ് ഗംഭീറെന്നും ഒരു കാരണവുമില്ലാതെ വീരേന്ദർ സെവാഗ് ഉൾപ്പെടെയുള്ള സ്വന്തം സീനിയർ കളിക്കാരെ പോലും ബഹുമാനിക്കാത്തയാളാണെന്നും ശ്രീ പറഞ്ഞു.
തന്നോട് യാതൊരു പ്രകോപനവുമില്ലാതെ ഗംഭീർ ഒരിക്കലും പറയാൻ പാടില്ലാത്ത മോശമായ ഒരു വാക്ക് ഉപയോഗിച്ചെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ ശ്രീ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കിയില്ല. താനും തന്റെ കുടുംബവും ഒരുപാട് സഹിച്ചെന്നും ഇപ്പോൾ ഒരു കാര്യവുമില്ലാതെ ഗംഭീർ തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു.