ഗുരുദേവനെ ഉദ്ധരിച്ച് മുഖ്യമന്ത്രി

Friday 08 December 2023 1:28 AM IST

ചാലക്കുടി: സർക്കാരിന്റെ മതേതര കാഴ്ചപ്പാട് വിശദീകരിച്ചപ്പോൾ ഗുരുദേവനെയും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയെയും പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോടനുബന്ധിച്ച് കാർമ്മൽ സ്കൂളിലെ പൊതു ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഗുരുദേവന്റെ ഏകമത സങ്കല്പം നാടിന് വേണ്ടിയായിരുന്നു. അതിനൊപ്പമാണ് ഇടതുപക്ഷ സർക്കാർ. ഇത് പറയുമ്പോഴാണ് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിയുടെ സാന്നിദ്ധ്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ആര് ചെയ്യുന്നതാണ് ശരിയെന്ന് ജനം വിലയിരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പൊതുചടങ്ങ് ആരംഭിച്ചപ്പോഴേ സ്വാമി സച്ചിദാനന്ദ വേദിയിലെത്തിയിരുന്നു. സംഘാടക സമിതിക്കായി ചെയർമാൻ ബി.ഡി.ദേവസി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്നെത്തിയ മന്ത്രിമാരായ ആന്റണി രാജു, ജെ.ചിഞ്ചുറാണി, മുഹമ്മദ് റിയാസ് എന്നിവർ സ്വാമിയുമായി കുശലം പറഞ്ഞു. വേദിയിലെത്തിയപ്പോഴും തിരിച്ചിറങ്ങുമ്പോഴും മുഖ്യമന്ത്രിയും ശിവഗിരി മഠാധിപതികളുമായി സംസാരിച്ചു.

Advertisement
Advertisement