ഷഹനയുടെ ഉമ്മ പറയുന്നു, ഇനിയൊരു മകൾക്കും ഈ ഗതി വരരുത്

Friday 08 December 2023 1:33 AM IST

വെഞ്ഞാറമൂട് : സ്ത്രീധനത്തിന്റെ പേരിൽ ഇനി ഒരു മകൾക്കും ജീവൻ വെടിയേണ്ടിവരരുത്. അവന് തക്കതായ ശിക്ഷ കിട്ടണം. എങ്കിലേ എന്റെ മകളുടെ ആത്മാവിന്.... ഡോ. ഷഹനയുടെ മാതാവ് വിങ്ങിപ്പൊട്ടി.

ഡോ. വന്ദനാ ദാസ് ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചപ്പോൾ,​ വനിതാ ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സമരം നയിച്ചത് ഡോ. റുവൈസാണ്. പക്ഷേ,​ സ്വന്തം കാര്യം വന്നപ്പോൾ ആദർശമൊക്കെ കാറ്റിൽപ്പറത്തി. തന്നെ ജീവനോളം സ്നേഹിച്ച ഷഹനയെ മനസിലാക്കാൻ കഴിഞ്ഞില്ല. സ്ത്രീധന ആർത്തിയിൽ കണ്ണ് മഞ്ഞളിച്ചു. അവളെ നിഷ്കരുണം ഒഴിവാക്കി.

ഷഹനയും റുവൈസും സൗഹൃദത്തിലാകുന്നത് ആറു മാസങ്ങൾക്കു മുൻപാണ്. അത് പ്രണയമായി വളർന്നു. ഇക്കഴിഞ്ഞ നവംബർ 10നാണ് റുവൈസ് വിവാഹ അഭ്യർത്ഥനയുമായി ഷഹനയുടെ വീട്ടിൽ എത്തുന്നത്. മകളുടെ ഭാവി വരനെ പറ്റി ഷഹനയുടെ വീട്ടുകാർ തിരക്കിയപ്പോൾ നാടായ കരുനാഗപ്പള്ളിയിലും കോളേജിലും നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചത്. പി.ജി ഡോക്ടേഴ്സ് അസോസിയേഷന്റെ തീപ്പൊരി നേതാവ്. വിവാഹ ആലോചനയായി മുന്നോട്ട് പോകാൻ തന്നെ ഷഹനയുടെ കുടുംബം തീരുമാനിച്ചു.

പിറ്റേ ആഴ്ച ഷഹനയുടെ സഹോദരനും ബന്ധുക്കളും റുവൈസിന്റെ വീട്ടിൽ എത്തി. സംസാരത്തിനിടെയാണ് ഡിമാന്റുകൾ ഒന്നൊന്നായി അറിയിച്ചത്. ഭീമമായ സ്ത്രീധന ആവശ്യം കേട്ട് ഞെട്ടിയെന്ന് ഷഹനയുടെ സഹോദരൻ ജാസിൻ പറഞ്ഞു.

സ്ത്രീധനം ചോദിക്കുന്ന കുടുംബത്തിലേക്ക് സഹോദരിയെ വിവാഹംകഴിപ്പിച്ച് വിടാൻ താത്പര്യം തോന്നിയില്ല. പക്ഷേ,​ ഷഹനയ്ക്ക് അയാളോടുള്ള ഇഷ്ടം കാരണം ഉപേക്ഷിക്കാനും തോന്നിയില്ല. 50 ലക്ഷവും 50 പവനും വസ്തുവും ഉറപ്പു പറഞ്ഞു. പക്ഷേ,​ റുവൈസിന്റെ പിതാവ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. നിരാശനായി സഹോദരൻ മടങ്ങി.

കൂട്ടുകാർക്കു മുന്നിലും

കൊച്ചാക്കി

റുവൈസിന് മനംമാറ്റമുണ്ടാകുമെന്ന് വിശ്വസിച്ച് ഷഹന കാത്തിരുന്നെങ്കിലും ഒരു അനുകൂല നിലപാടും ഉണ്ടായില്ല. മാത്രമല്ല സുഹൃത്തുക്കളുടെ മുൻപിൽ വച്ച് 'ബി.എം. ഡബ്ല്യൂ കാറും ഒരു കോടിയും തരാനുണ്ടോ. എന്നാൽ ഞാൻ കെട്ടിക്കോളാം" എന്ന് കളിയാക്കുകയും ചെയ്തു. ഇത് ഷഹനയ്ക് സഹിക്കാനായില്ല. ഷഹനയെ അലട്ടിയിരുന്നത് വീണ്ടും കോളേജിൽ റുവൈസിനെ കാണേണ്ടിവരുമല്ലോ എന്ന ചിന്തയാണ്. അവൾ വിഷാദ രോഗത്തിന്റെ വക്കിലെത്തി. ഷഹന അവസാനമായി വീട്ടിൽ വന്നു മടങ്ങിയിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളൂ.

പിതാവിന്റെ വിയോഗത്തിൽ

നിന്ന് കരകയറും മുൻപേ

തന്റെ എല്ലാമായിരുന്ന പിതാവ് അബ്ദുൽ അസീസിന്റെ ഒരു വർഷം മുൻപുള്ള മരണം ഷഹനയെ വല്ലാതെ തളർത്തിയിരുന്നു. മകളെ അറിയപ്പെടുന്ന ഒരു ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ചിരുന്നത് അദ്ദേഹമാണ്. എറെക്കാലം ഗൾഫിലായിരുന്നു. മൂത്ത മകൾ സറിനെ വിവാഹം കഴിപ്പിച്ചുവിട്ടു. ബന്ധുക്കളെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. ഇതിനിടെയാണ് കാൻസർ ബാധിതനാകുന്നത്. ചികിത്സയ്ക്ക് ലക്ഷങ്ങൾ മുടക്കിയെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ കുടുംബം സാമ്പത്തികമായും പിന്നോട്ടായി. മകൻ ജാസിൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറാണ്.

അവൻ പണത്തിനെയാണ് സ്നേഹിച്ചത്. യഥാർത്ഥ സ്നേഹമായിരുന്നേൽ എന്റെ പാവം പെങ്ങളെ കൈവിടുമായിരുന്നില്ല

- ജാസിം,​

ഷഹനയുടെ സഹോദരൻ

Advertisement
Advertisement