മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയവർക്ക് ഡി.വൈ.എഫ്.ഐ മർദ്ദനം

Friday 08 December 2023 1:35 AM IST

അങ്കമാലി/ആലുവ: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ അങ്കമാലി, ആലുവ മേഖലയിൽ മൂന്നിടത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നേരിട്ടു. അങ്കമാലി, ആലുവ ദേശം, പറവൂർ കവല എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. നാല് കെ.എസ്.യു പ്രവർത്തകരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അങ്കമാലി ബ്ലോക്ക് ഓഫീസിനു സമീപം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശനൻ ഉൾപ്പെടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ് പ്രവർത്തകർ പ്രതിഷേധക്കാരെ മർദ്ദിക്കുന്നത് ചിത്രീകരിച്ച 'ദ ഫോർത്ത്" മാദ്ധ്യമ സംഘത്തിനും മർദ്ദനമേറ്റു. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

അങ്കമാലിയിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആലുവയിലേക്ക് വരുന്നതിനിടെ വൈകിട്ട് 4.15ഓടെയാണ് ദേശത്ത് വച്ച് കരിങ്കൊടി വീശിയത്. പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയതിന് പിന്നാലെ ജീപ്പിലെത്തിയ ഡി.വൈ.എഫ്.ഐക്കാർ മർദ്ദിച്ചെന്നാണ് പരാതി.

രണ്ട് കിലോമീറ്റർ അകലെ പറവൂർ കവലയിലായിരുന്നു അടുത്ത പ്രതിഷേധം. യു.സി കോളേജിൽ നിന്ന് കെ.എസ്.യു പ്രവർത്തകർ പ്രകടനമായെത്തിയപ്പോഴേക്കും മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന്റെ പേരിലാണ് ഡി.വൈ.എഫ്.ഐക്കാരുമായി സംഘർഷമുണ്ടായത്.

Advertisement
Advertisement