കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതികൾ
കൊല്ലം: അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളിൽ പലതിനും കൃത്യമായ മറുപടി നൽകാതെ മൗനം പാലിച്ച് പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ചാത്തന്നൂർ സ്വദേശി പത്മകുമാറും ഭാര്യ അനിതകുമാരിയും മകൾ അനുപമയും.പ്രത്യേകമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ തട്ടിക്കൊണ്ട് പോകലിന് പിന്നിൽ തങ്ങളല്ലെന്ന് ഒരുപോലെ ആവർത്തിച്ച മൂവരും തെളിവുകൾ നിരത്തിയപ്പോൾ തല കുനിച്ച് മിണ്ടാതിരിക്കുകയാണെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി പ്രതികളെ ഏഴ് ദിവസത്തേക്കാണ് ഇന്നലെ അന്വേഷണ സംഘത്തിന് കസ്റ്രഡിയിൽ വിട്ടുനൽകിയത്. പ്രതികളുടെ മൊഴികൾ നിലവിലുള്ള തെളിവുകളുമായി ഒത്തുനോക്കിയാണ് ചോദ്യം ചെയ്യൽ . ഇന്നോ നാളെയോ തട്ടിക്കൊണ്ടു പോകൽ നടന്ന പൂയപ്പള്ളി, കടന്നുപോയ വഴികൾ, ഒളിവിൽ പാർപ്പിച്ച ചാത്തന്നൂരിലെ പ്രതികളുടെ വീട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതികൾക്കായി
6 അഭിഭാഷകർ
പത്മകുമാറിനെയും കുടുംബത്തെയും ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ലീഗൽ സർവീസ് അതോറിറ്റി നേരത്തെ നിയോഗിച്ച അഡ്വ. കെ.സുഗണൻ, അഡ്വ. അജി മാത്യു എന്നിവർക്ക് പുറമേ നാല് അഭിഭാഷകർ കൂടി രംഗത്തെത്തി.
സരിതയുടെ ആദ്യകാല അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും മറ്റ് രണ്ട് അഭിഭാഷകരും തങ്ങളാണ് പത്മകുമാറിന്റെയും കുടുംബത്തിന്റെയും അഭിഭാഷകരെന്ന വാദവുമായി രാവിലെ തന്നെ കോടതി പരിസരത്തെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ വക്കാലത്ത് ഒപ്പിടീക്കാൻ ഇവരിൽ പലരും പ്രതികളെ വളയുകയും ചെയ്തു. കോടതി നടപടികൾ ആരംഭിച്ചപ്പോൾ പത്കുമാറിന്റെ ബന്ധുക്കൾ തനിക്ക് വക്കാലത്ത് തന്നുവെന്ന വാദവുമായി കൃഷ്ണകുമാർ എന്ന അഭിഭാഷകൻ രംഗത്തി. കഴിഞ്ഞ ശനിയാഴ്ച പ്രതികളെ ഹാജരാക്കുമ്പോൾ അഭിഭാഷകർ ഇല്ലാതിരുന്നതിനാൽ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്ന് രണ്ട് പേരേ അനുവദിച്ചിട്ടുണ്ടെന്നും തർക്കമുണ്ടെങ്കിൽ പ്രതികളുമായി സംസാരിച്ച് ധാരണയിലെത്താനും കോടതി നിർദ്ദേശിച്ചു. തുടർന്ന് കോടതി മുറിക്ക് പുറത്ത് നടത്തിയ ചർച്ചയിൽ ലീഗൽ സർവീസ് അതോറിറ്രി നിയോഗിച്ച അഭിഭാഷകർ മതിയെന്ന് പ്രതികൾ നിലപാടെടുത്തു.ഇവർ പ്രതികളെ ജയിലിൽ സന്ദർശിച്ച് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു..