ഹൈക്കോടതി ജഡ്‌ജിമാരിൽ 75.7% ജനറൽ വിഭാഗം

Friday 08 December 2023 2:39 AM IST

ന്യൂഡൽഹി: കഴിഞ്ഞ ആറ് വർഷത്തിനിടെ നിയമിതരായ 650 ഹൈക്കോടതി ജഡ്ജിമാരിൽ 492 പേരും (75.7%) ജനറൽ വിഭാഗത്തിൽ നിന്നാണെന്ന് കേന്ദ്രം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ രേഖാമൂലം അറിയിച്ചതാണിത്.

ഒ.ബി.സി വിഭാഗത്തിൽ നിന്ന് 76 പേർക്കും (11.70%), പട്ടികജാതി വിഭാഗത്തിൽ നിന്ന് 23 പേർക്കും (3.54%) പട്ടികവർഗ വിഭാഗത്തിൽ നിന്ന് 10 പേർക്കും (1.54%) ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് 36 പേർക്കുമാണ് (5.54%) നിയമനം ലഭിച്ചത്. 13 ജഡ്‌ജിമാരുടെ കാറ്റഗറി തിരിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാറ്റഗറി തിരിച്ചുള്ള കണക്കും ലഭ്യമല്ല.

രാജ്യത്തെ 790 ഹൈക്കോടതി ജഡ്ജിമാരിൽ വനിതകൾ 111 പേർ മാത്രം (14.1%)​. സുപ്രീംകോടതിയിൽ വനിതാ ജഡ്ജിമാർ മൂന്നു പേരും.

ഉന്നത നീതിന്യായ രംഗത്ത് നിലനിൽക്കുന്ന അസമത്വത്തിന്റെ വിശദവിവരങ്ങളാണ് പുറത്തു വന്നതെന്നും വനിത, പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് കൊളീജീയവും സർക്കാരും കൈക്കൊള്ളണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

Advertisement
Advertisement