പലിശ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ ആർബിഐ; റിപ്പോ നിരക്ക് 6.5 ശതമാനമായി ആയി തുടരും

Friday 08 December 2023 12:20 PM IST

ന്യൂഡൽഹി: റിസർവ് ബാങ്ക് പലിശ നിരക്കിൽ ഇത്തവണയും മാറ്റമില്ല. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും രേഖപ്പെടുത്തിയ സാഹചര്യത്തിൽ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇതിനാൽ തന്നെ ബാങ്കുകളിൽ വായ്‌പാ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും.

അ‌ഞ്ചാമത്തെ വായ്‌പാ നയയോഗത്തിന് ശേഷമാണ് നിരക്ക് മാറ്റമില്ല എന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചത്. കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. 2022 മേയ് മുതൽ 2023 ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി 2.50 ശതമാനം നിരക്ക് വർദ്ധിച്ചിരുന്നു.

സെപ്തംബറിൽ രാജ്യത്തെ ജിഡിപി 7.6 ശതമാനമാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌ഘടന എന്ന സ്ഥാനം ഇന്ത്യ നിലനിർത്തുകയും ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തൽക്കാലം നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്.