'ചുറ്റിക അരിവാൾ സ്വാമിക്ക്'; ഇതെന്ത് ശരണം വിളി അയ്യനേയെന്ന് സമൂഹമാദ്ധ്യമങ്ങൾ, ചിരിപടർത്തി വീഡിയോ

Friday 08 December 2023 12:31 PM IST

മണ്ഡലകാലമായതോടെ വ്രതംനോറ്റ് മാലയിട്ട് അയ്യനെ കാണാനായി കാത്തിരിക്കുകയാണ് അയ്യപ്പൻമാർ. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി കെട്ടുനിറയും ചടങ്ങുകളും നമ്മുടെ നാട്ടിൽ പതിവുണ്ട്. ഇതിനിടെ കെട്ടുനിറയ്‌ക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് ഒരു രസകരമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കെട്ടുനിറയ്ക്കൽ ചടങ്ങ് നടക്കുന്നതും ചുറ്റുമുള്ളവർ ശരണം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെയാണ് വ്യത്യസ്‌തമായ ഒരു ശരണം വിളി കേൾക്കുന്നത്. 'വെള്ളനിവേദ്യം സ്വാമിയ്ക്ക്, കർപ്പൂര ദീപം സ്വാമിയ്ക്ക്, കാണിപ്പണവും സ്വാമിയ്ക്ക്, കാണിപ്പൊന്നും സ്വാമിയ്ക്ക്, ചുറ്റിക അരിവാൾ...' എന്നിങ്ങനെയാണ് ശരണം വിളിക്കുന്നത്. അബദ്ധം മനസിലായ ആൾ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രസകരമായ ഈ പഴയ വീഡിയോ മണ്ഡലകാലമായതോടെ വീണ്ടും പ്രചരിക്കു കയാണ്.

അതേസമയം, കാനന വാസന് വന വിഭവങ്ങള്‍ കാഴ്ച്ചവെച്ച് ദര്‍ശനം നടത്താന്‍ കാടിന്റെ മക്കള്‍ എത്തി. 107 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തിയത്. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വന പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വിവിധ കാണി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നവരാണിവർ. ഇന്നലെ വൈകുന്നേരം ദീപാരാധന സമയത്താണ് ദര്‍ശനത്തിന് എത്തിയത്.

കാട്ടില്‍ നിന്നും ശേഖരിച്ച തേന്‍, കുന്തിരിക്കം, ഈറ്റയിലും ചൂരലിലും മെനഞ്ഞെടുത്ത പൂവട്ടികള്‍ തുടങ്ങി കരകൗശല വിദ്യ വെളിവാക്കുന്ന ഉത്പന്നങ്ങള്‍ തുടങ്ങിയവ അയ്യപ്പന് സമര്‍പ്പിച്ചു. എല്ലാ വര്‍ഷങ്ങളിലും കാഴ്ച്ചയുമായി സംഘം അയ്യപ്പന്റെ പൂങ്കാവനത്തിലേയ്ക്ക് എത്താറുണ്ട്.

Advertisement
Advertisement