20 കിലോ ഭാരം കുറച്ചാല്‍ അവനെ ഐപിഎല്ലില്‍ കളിപ്പിക്കാമെന്ന് ധോണി ഭായ് പറഞ്ഞു, വെളിപ്പെടുത്തലുമായി അഫ്ഗാനിസ്ഥാന്‍ താരം

Friday 08 December 2023 8:56 PM IST

ദുബായ്: ക്രിക്കറ്റ് മൈതാനത്തിന് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യയുടേയും അഫ്ഗാനിസ്ഥാന്റേയും ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വലിയ ആരാധകര്‍കൂടിയാണ് അഫ്ഗാന്റെ താരങ്ങള്‍. ഇപ്പോഴിതാ ഒരിക്കല്‍ ധോണിയുമായി നടന്ന രസകരമായ സംഭാഷണത്തേക്കുറിച്ച് പറയുകയാണ് ക്രിക്കറ്റ് താരം അഷ്ഗര്‍ അഫ്ഗാന്‍.

അഫ്ഗാനിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷെഹ്‌സാദിനെക്കുറിച്ച് ധോണിയുമായി സംസാരിച്ചതിനെക്കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ 2018ല്‍ ഏഷ്യാ കപ്പില്‍ നടന്ന മത്സരം ടൈ ആയതിന് പിന്നാലെ ഒരുപാട് നേരം ധോണിയുമായി സംസാരിച്ചു.

അപ്പോഴാണ് തങ്ങളുടെ മുഹമ്മദ് ഷെഹസാദ് ഭായിയുടെ വലിയ ആരാധകനാണെന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞതെന്ന് അഷ്ഗര്‍ പറയുന്നു. അവനോട് 20 കിലോ ഭാരം കുറച്ചാല്‍ ഐപിഎല്ലില്‍ കളിപ്പിക്കാമെന്ന് പറയൂ എന്നായിരുന്നു ധോണിയുടെ മറുപടിയെന്ന് അഷ്ഗര്‍ ഓര്‍ത്തെടുത്തു.

അവന് വയറ് അല്‍പ്പം കൂടുതലാണെന്നും ധോണി തമാശരൂപേണ പറഞ്ഞു. എന്നാല്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഷെഹസാദിന്റെ ഭാരം അഞ്ച് കിലോ കൂടി കൂടുകയായിരുന്നുവെന്നും അഷ്ഗര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ക്രിക്കറ്റിന് ദൈവം നല്‍കിയ നിധിയാണ് ധോണിയെന്നും അഷ്ഗര്‍ പറഞ്ഞു.