കെ-റെയിലിനെതിരെ നിഷേധാത്മക നിലപാട് തുടരാനാകില്ല: മുഖ്യമന്ത്രി
കൊച്ചി: കെ-റെയിലിനെതിരെ എക്കാലവും നിഷേധാത്മക നിലപാട് തുടരാൻ കേന്ദ്ര സർക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം മറൈൻഡ്രൈവിലെ നവകേരള സദസിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കുചിത താത്പര്യങ്ങളാൽ ഉയർന്നുവന്ന പ്രതിഷേധങ്ങൾക്കൊപ്പം കേന്ദ്രസർക്കാരും നിൽക്കുന്നതാണ് കെ-റെയിൽ വൈകാൻ കാരണം.
ഈ നില എല്ലാക്കാലവും കേന്ദ്രസർക്കാരിന് തുടരാൻ കഴിയില്ല. കേരളത്തിലെ കോൺഗ്രസിനും ബി.ജെ.പിക്കും കേരളം തകരട്ടെയെന്ന ഒറ്റമനസാണ്. നാഷണൽ ഹൈവേ യാഥാർത്ഥ്യമാകുമോയെന്ന ആശങ്ക ഇപ്പോൾ ആർക്കുമില്ല. വൈപ്പിനിലെ നവകേരള സദസിൽ പങ്കെടുക്കാൻ ജലമെട്രോയിലാണ് പോയത്. ഇത്തരമൊരു സൗകര്യം ദ്വീപ് നിവാസികൾക്ക് ലഭിച്ച ഏക സംസ്ഥാനമാണ് കേരളം. ഗതാഗത മേഖലയിൽ വലയിൽ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് തീരദേശ, മലയോര ഹൈവേ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ജലപാത ഭാഗികമായി ഏതാനും ആഴ്ചകൾക്കുള്ളിൽ യാഥാർത്ഥ്യമാകും. കോവളം മുതൽ ചേറ്റുവ വരെയാണിത്. ജലപാതയുടെ 50 കിലാമീറ്റർ ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ
പോസ്റ്റ്: വിദ്യാർത്ഥിക്ക്
എതിരായ കേസ് റദ്ദാക്കി
കൊച്ചി: രാഷ്ടീയഭിന്നതയുടെ പേരിൽ മുഖ്യമന്ത്രിക്കെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ട 26കാരനായ എൻജിനീയറിംഗ് വിദ്യാർത്ഥി തൊടുപുഴ സ്വദേശി അഖിൽ കൃഷ്ണനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ ഭിന്നതയുണ്ടെങ്കിലും മുതിർന്നവരെ ബഹുമാനിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. ഉന്നത പദവികൾ വഹിക്കുന്നവർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ മോശം പരാമർശം നടത്തുന്നത് വ്യാപകമാണ്. വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെന്നും കോടതി വാക്കാൽ പറഞ്ഞു. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചെന്നും മറ്റുമുള്ള കേസുകളാണ് ചുമത്തിയതെങ്കിലും നിലനില്ക്കില്ലെന്ന് കോടതി വിലയിരുത്തി.