കായിക കുതിപ്പിനൊരുങ്ങി കേരളം
അന്താരാഷ്ട്ര കായിക ഉച്ചകോടി ജനുവരി 23 മുതൽ തിരുവനന്തപുരത്ത്
കൊച്ചി: സംസ്ഥാന കായികമേഖലയുടെയാകെ ഉയർച്ച ലക്ഷ്യമിട്ട് കായികവകുപ്പ് സംഘടിപ്പിക്കുന്ന 'ഇന്റർനാഷണൽ സ്പോർട്‌സ് സമ്മിറ്റ് കേരള'യ്ക്ക് ജനുവരി 23ന് തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിക്കും. മറ്റ് മന്ത്രിമാർ സന്നിഹിതരായിരിക്കും. പുതിയകായിക നയം, കായിക സമ്പദ്ഘടന വികസനം, നവകായിക കേരള സൃഷ്ടി എന്നീ ആശയങ്ങൾ മുന്നോട്ടുവച്ച് നടത്തുന്ന ഉച്ചകോടിയിൽ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 25,000ലധികം പേർ പരിപാടിയുടെ ഭാഗമാകും.
കായികമേഖലയിൽ വിവിധ നിക്ഷേപങ്ങൾക്ക് വഴിതുറക്കുന്ന ഉച്ചകോടിയിൽ ദേശീയ, അന്തർദേശിയ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സെമിനാറുകൾ നടക്കും. നേരിട്ടോ, പി.പി.പി മാതൃകയിലോ, സഹകരണ മാതൃകയിലോ നിക്ഷേപങ്ങൾ നടത്താനാനുള്ള സാദ്ധ്യത കൈവരും. തദ്ദേശം, വ്യവസായം, ആരോഗ്യം, വിദ്യഭ്യാസം, ഉന്നത വിദ്യഭ്യാസം, ടൂറിസം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി 14ദിവസം നീണ്ടുനിൽക്കുന്ന 'റൂട്ട്‌സ്' ഷോഡ് ഷോ സംസ്ഥാനത്തെ ഏല്ലാ കായിക ഈറ്റില്ലങ്ങളിലും എത്തിച്ചേരും. 23ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലാണ് റോഡ് ഷോയുടെ സമാപനം.
കേരളം അമേരിക്കക്കൊപ്പമാകും
ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റോടെ കേരളം കായിക സമ്പദ്ഘടന വികസിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ഖ്യാതി സ്വന്തമാക്കും. അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് കായിക സമ്പദ്ഘടന വളർത്തിയെടുത്തിട്ടുള്ളത്. 2022ൽ 11,000 കോടി രൂപയായിരുന്ന കേരളത്തിൽ കായികമേഖലയുടെ സംഭാവന. ഉച്ചകോടിയിലൂടെ 50,000 കോടിക്ക് മുകളിൽ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കായിക വകുപ്പ്.
പദ്ധതികൾ
• കായിക വിഭവശേഷി മാപ്പിംഗ്
• ഒരു പഞ്ചായത്ത് ഒരു കായിക പദ്ധതി
• ഫെസിലിറ്റി മാനേജ്മെന്റ്
• കായിക സംരംഭങ്ങൾ
• സ്വകാര്യ വ്യവസായ പാർക്കുകൾ
• സ്പോർട്സ് ഗ്രിഡ്
• ഇ. സ്പോർട്സ്
• പുതിയ ലീഗുകൾ, ചാമ്പ്യൻഷിപ്പുകൾ
"കേരളത്തിന്റെ കായികരംഗത്ത് വലിയമാറ്റങ്ങൾക്കും തൊഴിൽ സാദ്ധ്യതകൾക്കും ഇന്റർനാഷണൽ സ്പോർട്‌സ് സമ്മിറ്റ് കേരള' വഴിതുറക്കും"
വി. അബ്ദുറഹ്മാൻ
കായികമന്ത്രി