ഇനി ആഫ്രിക്കൻ സഫാരി

Saturday 09 December 2023 6:29 AM IST

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി-20 നാളെ

ജൊഹന്നാസ് ബർഗ്: ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലേയും പോരാട്ടങ്ങൾ ഉൾപ്പെട്ട ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് നാളെ തുടക്കമാകും. നാളെ ഡർബൻ വേദിയാകുന്ന ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഔദ്യോഗിക തുടക്കമാകുന്നത്. ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് മത്സരം. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ട്വന്റി-20യ്ക്കിറങ്ങുന്നത്. 12,​14 തീയതികളിലാണ് മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി-20 പരമ്പരയിലെ മറ്റ്മത്സരങ്ങൾ.

കഴിഞ്ഞ ദിവസം കനത്ത മഴയിലേക്കാണ് ഇന്ത്യൻ ടീം ഡർബനിൽ വിമാനമിറങ്ങിയത്. ടീമിനെ ഹോട്ടലിലേക്ക് കൊണ്ടു പോകുന്നതിനുള്ള ബസ് എയർപോർട്ടിൽ നിന്ന് കുറച്ചകലെയായിരുന്നു പാർക്ക് ചെയ്തിരുന്നത്. കൈയിൽ കുടയില്ലാത്തതിനാൽ ബാഗുമായി മഴനനഞ്ഞ് ഓടി ബസിൽക്കയറുന്ന ഇന്ത്യൻ താരങ്ങളുടെ ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഈമാസം 17ന് തുടങ്ങുന്ന ഏകദിന പരമ്പരയിൽ കെ.എൽ രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണും ഏകദിന ടീമിലുണ്ട്. ടെസ്റ്റ്മത്സരങ്ങൾ ഡിസംബർ 26ന് തുടങ്ങും. രോഹിത് ശ‌ർമ്മയാണ് ക്യാപ്ടൻ.

ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ് കിരീടം നഷ്ടമായതിന്റെ നിരാശ തുടർന്ന് നടന്ന ട്വന്റി-20 പരമ്പരിയിൽ അവരെ 4-1ന് കീഴടക്കി കുറച്ചെങ്കിലും കുറയ്ക്കാനായതിന്റെ ആശ്വാസവുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ എത്തിയിരിക്കുന്നത്. ജൂണിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനായുള്ള മുന്നൊരുക്കമാണ് ഇരുടീമിനും ഈ പരമ്പര.

ട്വന്റി-20 ഷെഡ്യൂൾ

നാളെ ഡർബനിൽ

12ന് ക്യുയിബർഗയിൽ

14ന് ജൊഹന്നാസ്ബർഗിൽ

എൻഗിഡിയില്ല

ഇന്ത്യയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കു മുന്നേ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. പരിക്കിൽ നിന്ന് മോചിതനാകാത്ത അവരുടെ പ്രധാന പേസർ ലുങ്കി എൻഗിഡിയ്ക്ക് ട്വന്റി-20 പരമ്പരയിൽ കളിക്കാനാകില്ല. എൻഗിഡിയുടെ ഇടത്തേക്കാലിനാണ് പരിക്ക്.

ഗോകുലം ടീമുകൾക്ക് സമനില

തിരുവനന്തപുരം: ഗോകുലത്തിന്റെ പുരുഷ വനിതാ ടീമുകൾക്ക് ഇന്നലെ സമനിലക്കുരുക്ക്. ഐ ലീഗിൽ കേരളത്തിന്റെ പുരുഷ ടീം ഇന്നലെ മുഹമ്മദൻസിനോടാണ് 1-1ന് സമനിലയിൽ കുരുങ്ങിയത്. ഐലീഗിൽ ഗോകുലത്തിന്റെ തുടർച്ചയായ മൂന്നാം സമനിലയാണിത്. അബ്ദുൾ ഹുക്കുവിലൂടെ 40-ാം മിനിട്ടിൽ മുഹമ്മദൻസാണ് ലീഡെടുത്തത്. 64-ാം മിനിട്ടിൽ ശ്രീകുട്ടനിലൂടെ ഗോകുലം സമനില പിടിച്ചു. ജയത്തോടെ മുഹമ്മദൻസ് ഒന്നാമതാണ്.ഗോകുലം ആറാമതാണ്.

Advertisement
Advertisement