ആധാറിന് ഐറിസ് ആയാലും മതി
Sunday 10 December 2023 4:41 AM IST
ന്യൂഡൽഹി: വിരലടയാളം തെളിയാത്തവർക്ക് കൃഷ്ണമണി (ഐറിസ്) നോക്കി ആധാർ നൽകും. ഇതിന് ആധാർ സേവന കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ചട്ടങ്ങളിലും ഭേദഗതി വരുത്തി. ജന്മനാ തകരാറുള്ളവർക്കും വെട്ട്, ചതവ്, വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം വിരലുകൾക്ക് ഭംഗം എന്നിവയുള്ളവർക്ക് ഐറിസ് സ്കാൻ ഉപയോഗിച്ച് എൻറോൾ ചെയ്യാം. വിരലടയാളമോ ഐറിസോ നൽകാൻ കഴിഞ്ഞില്ലെങ്കിലും എൻറോൾ ചെയ്യാം. ഫോട്ടോ, പേര്, ലിംഗം, വിലാസം, ജനനത്തീയതി/വർഷം എന്നിവ അപ്‌ലോഡ് ചെയ്യണം. വിരലടയാളവും ഐറിസും നൽകാൻ കഴിയാത്ത 29 ലക്ഷത്തോളം ആളുകൾക്ക് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ആധാർ നമ്പർ നൽകിയിട്ടുണ്ട്.