ട്രഷറി നിയന്ത്രണം കടുപ്പിച്ചു; ഓവർഡ്രാഫ്റ്റ് ഒഴിവാക്കാൻ ശ്രമം

Sunday 10 December 2023 4:08 AM IST

തിരുവനന്തപുരം: ഒരുലക്ഷത്തിനുമേലുള്ള ബില്ലുകൾക്കാണ് ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും കുറഞ്ഞ തുകകളും മാറികിട്ടുന്നില്ലെന്ന് പരാതി.നാലുദിവസമായി വളരെ കുറച്ചു ബില്ലുകളേ മാറി നൽകുന്നുള്ളൂ.ഓവർഡ്രാഫ്റ്റ് ഒഴിവാക്കാനുള്ള മുൻകരുതലായാണിത്.തിങ്കളാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്ന് അധികൃതർ പറഞ്ഞു.

ട്രഷറിയിൽ പണമില്ലാതെ വരുമ്പോൾ ദൈനംദിന ചെലവിന് ആർ.ബി.ഐ. താൽക്കാലിക സഹായം നൽകും. കേരളത്തിന് 1670കോടിയാണിങ്ങനെ വെയ്സ് ആൻഡ് മീൻസായി കിട്ടുക. അത് തീർന്നാൽ ഒരുതവണ കൂടി 1670 കോടിയെടുക്കാം.ഇത് രണ്ടാഴ്ചക്കുള്ളിൽ തിരിച്ചടയ്ക്കണം.അതിനായില്ലെങ്കിൽ ട്രഷറി നിറുത്തിവയ്ക്കേണ്ടിവരും.നിലവിൽ രണ്ടാമത്തെഓവർഡ്രാഫ്റ്റായി 1670കോടി വാങ്ങിക്കഴിഞ്ഞു. അത് ഉടൻ മടക്കിയില്ലെങ്കിൽ പ്രശ്നമാകും. അതൊഴിവാക്കാൻ വായ്പയെടുക്കുകയാണ് പതിവ്. നിലവിൽ അടുത്ത ക്വാർട്ടറിലെ വായ്പ കൂടി മുൻകൂർ എടുത്തിരിക്കുകയാണ്. കൂടുതൽ വായ്പയെടുക്കാൻകേന്ദ്രം അനുമതി നൽകാൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ബില്ലുകളെല്ലാം പിടിച്ചുവെച്ചിരിക്കുന്നത്. ശമ്പളവും പെൻഷനുമല്ലാതെ മറ്റൊന്നും മാറിനൽകുന്നില്ല.
ഗ്രാറ്റ് വിറ്റി, കമ്യൂട്ടേഷൻ തുടങ്ങിയ വിരമിക്കൽ ആനുകൂല്യങ്ങൾ നിർത്തിവെക്കാനും വെള്ളിയാഴ്ച വാക്കാൽ നിർദേശം നൽകി. ഈആഴ്ച 700കോടിരൂപകൂടി നികുതി ഇനത്തിൽ ട്രഷറിയിലെത്തുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

Advertisement
Advertisement