കാനത്തിന് കണ്ണീരോടെ യാത്രാമൊഴി, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ഉച്ചയ്ക്കുശേഷം

Sunday 10 December 2023 4:27 AM IST

സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ ഇന്ന് ഉച്ചയ്ക്കുശേഷം

തിരുവനന്തപുരം/ കോട്ടയം: കാനം രാജേന്ദ്രന് തലസ്ഥാനം കണ്ണീരോടെ വിടനൽകി. വാഴൂരിലെ കുടുംബവീടായ കൊച്ചുകളപ്പുരയിടത്ത് അച്ഛനും​ അമ്മയും അന്തിയുറങ്ങുന്ന മണ്ണിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഭൗതികദേഹം സംസ്കരിക്കും.

ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും അശ്രുപൂജ അർപ്പിച്ചശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയത്. സി.പി.ഐയുടെ താത്കാലിക പാർട്ടി ആസ്ഥാനമായ പട്ടത്തെ പി.എസ് സ്മാരകത്തിലാണ് രാവിലെ 11 മണിയോടെ ഭൗതികദേഹം പൊതുദർശനത്തിനെത്തിച്ചത്. ചടുലനീക്കങ്ങളിലൂടെ പാർട്ടിയെ കെട്ടുറപ്പുള്ളതാക്കാൻ എക്കാലവും പരിശ്രമിച്ച കാനത്തിന്റെ ചേതനയറ്റ ദേഹത്തിനുമുന്നിൽ വിങ്ങിപ്പൊട്ടിയ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയെ കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ആശ്വസിപ്പിക്കുന്ന ദൃശ്യം കണ്ടുനിന്നവരെയെല്ലാം കണ്ണീരണയിച്ചു. മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജി.ആർ. അനിൽ തുടങ്ങിയവർ പൊട്ടിക്കരയുന്ന ദൃശ്യങ്ങളും വേദനാജനകമായിരുന്നു.

കാനം എന്ന ഗ്രാമത്തിന്റെ പേര് ഉയരങ്ങളിലെത്തിച്ച പ്രിയ സഖാവിന്റെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാൻ രാഷ്ട്രീയ ഭേദമെന്യേ ആയിരങ്ങളാണ് തലസ്ഥാനത്തെന്നപോലെ കുടുംബവീട്ടിലും പരിസരപ്രദേശങ്ങളിലും കാത്തുനിന്നത്. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കും.

ഇന്നലെ രാവിലെ 9.45യോടെ പ്രത്യേക വിമാനത്തിലാണ് ഭൗതിക ശരീരം തലസ്ഥാനത്ത് എത്തിച്ചത്. 'ഇല്ല ഇല്ല മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ" എന്ന മുദ്രാവാക്യം മുഴക്കി റെഡ് വോളണ്ടിയർമാർ എതിരേറ്റ ഭൗതിക ശരീരത്തിൽ പാർട്ടി നേതാക്കളായ കെ.ഇ. ഇസ്മായിൽ, ബിനോയ് വിശ്വം, പ്രകാശ് ബാബു, പി.സന്തോഷ് കുമാർ,സത്യൻ മോകേരി, ഇ.ചന്ദ്രശേഖരൻ, പി.പി. സുനീർ, കെ.പി. രാജേന്ദ്രൻ, മന്ത്രി ജെ. ചിഞ്ചുറാണി തുടങ്ങിയവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. ഭാര്യ വനജയും മറ്റ് കുടുംബാംഗങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു. ഡി.രാജ, ബിനോയ് വിശ്വം എം.പി, പന്ന്യൻ രവീന്ദ്രൻ, പ്രകാശ് ബാബു, പി.പി.സുനീർ തുടങ്ങിയവരും സി.പി.ഐ മന്ത്രിമാരും മൃതദേഹത്തോടൊപ്പം കാനത്തേക്ക് പുറപ്പെട്ടിരുന്നു.